ബെയ്ജിങ്ങ്: കോവിഡ് മഹാമാരി അതിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുമ്പോഴും വൈറസിന്റെ ശരിയായ ഉറവിടം കണ്ടെത്താൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല.പലവിധ അഭ്യൂഹങ്ങൾ പരക്കുമ്പോഴും ഭൂരിഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നത് മഹാമാരിയുടെ ഉറവിടം വുഹാനിലെ ലാബുകൾ തന്നെയെന്നാണ്.എന്നാൽ ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ലഭിക്കാത്തതതാണ് ഈ അനിശ്ചിതത്വത്തിന് കാരണം.ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം വുഹാനിൽ സന്ദർശിച്ചിരുന്നെങ്കിലും പഴി വവ്വാലിൽ ചാർത്തി മടങ്ങുകയായിരുന്നു. എന്നാൽ വുഹാനിലെ ലാഹുകളോ മാർക്കറ്റുകളോ വേണ്ട വിധത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന ആക്ഷേപം ആപ്പോൾ തന്നെ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്തുക എന്ന ദൗത്യത്തോടെ രണ്ടാമതും ലോകാരോഗ്യസംഘടനയുടെ മറ്റൊരു സംഘം വുഹാനിലേക്ക് എത്തുന്നത്.

ഇത്തവണ ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതിരിക്കാൻ ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.''മനുഷ്യർ, വന്യജീവികൾ, കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണം. 2019ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും പഠനത്തിന്റെ പരിധിയിൽ വരണം'' ഗെബ്രിയേസ് വ്യക്തമാക്കുന്നു. ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവർത്തനമാണെന്നും രാഷ്ട്രീയം ഇതിൽ കൂട്ടിക്കുഴക്കരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുൻ നിർത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വൈറസിന്റെ ഉത്ഭവം സബന്ധിച്ച് ചൈന കൂടുതൽ വിവരങ്ങൾ നൽകണം എന്ന ലോക ആരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗെബ്രിയേസസിന്റെ പ്രസ്താവനയോട് ചൈനീസ് വിദേശ കാര്യ വക്താവ് സഹോ ലിജൈൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ചില ഡാറ്റകൾ വ്യക്തിഗത വിവരങ്ങൾ ആയതിനാൽ ചൈനക്ക് പുറത്ത് പോകാൻ പാടില്ലാത്തോ കോപ്പി ചെയ്യാൻ സാധിക്കാത്തതോ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന തരത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പോലുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.കോവിഡ് വൈറസ് വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രബല വാദങ്ങളിൽ ഒന്ന്. എന്നാൽ ഈ വാദം തീർത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു. വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും ചൈന ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും എതാനും ശാസ്ത്രജ്ഞരും കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന് ആവശ്യം ഉയർത്തിയിരുന്നു. വവ്വാലുകളിൽ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.നേരത്തെ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോക ആരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കൊറോണ വൈറസ് പ്രവേശിച്ചത് എന്ന നിഗമനത്തിലാണ് എത്തിയത്.