തിരുവനന്തപുരം: വടകര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ ഉടൻ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. വയനാട്ടിൽ സി കെ ശശീന്ദ്രനെയും ഇതു പോലെ മാറ്റിയിരുന്നു. എന്നാൽ സംസ്ഥാന ഭരണം നിയന്ത്രിക്കാൻ ചുമതലപ്പെട്ട 18 അംഗ സെക്രട്ടറിയേറ്റിൽ അംഗമായിട്ടും ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിയില്ല. അതിന് സി പി എം പറഞ്ഞ ആദ്യ ന്യായം പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ സി പി എമ്മിൽ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്.

പാർട്ടി കോ്ൺഗ്രസ് കഴിഞ്ഞപ്പോൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയിൽ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂർ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു. ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തിൽ താല്പര്യമുള്ള ചില നേതാക്കൾ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും വരുത്തി ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ധാരണ അനുസരിച്ച് ഇ കെ നായനാർ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ ജില്ലാ ചുമതലയിൽ നിന്നും ആനാവൂർ ഒഴിയുമെന്നാണ്. പാലിയേറ്റീവ് കെയ്‌റിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആളെന്ന നിലയിൽ ആനാവൂർ തന്നെ ഈ ഉദ്യമത്തിന്റെ നടത്തിപ്പു ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ്്് പാർട്ടി പറയുന്നത്. നിലവിൽ നിശ്ചയിച്ച പ്രോഗ്രാം അനുസരിച്ച് ഓഗസ്റ്റ് 18നാണ് പാലിയേറ്റീവ് കെയർ നാടിന് സമർപ്പിക്കുന്നത്. അതിന് ശേഷം പാർട്ടി സെക്രട്ടറി പങ്കെടുത്ത് ചേരുന്ന ജില്ലാ കമ്മിറ്റി പുതിയ സെക്രട്ടറിയെ നിശ്ചയിക്കും. പാർട്ടിയിൽ തലമുറ മാറ്റം ചർച്ചയ്ക്ക് കൊണ്ട വന്ന് സുനിൽ കുമാറിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് ആനാവൂർ നീക്കം നടത്തിയത്.

സുനിൽ കുമാർ നിലവിൽ കേരള അബ്കാരി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ - സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സുനിൽ കുമാർ കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി. യുവാവ് ആയതു കൊണ്ട് തന്നെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുനിൽകുമാറിന് ആകുമെന്ന് സംസ്ഥാന നേതൃത്വത്തെ ആനാവൂർ തന്നെ ധരിപ്പിച്ചിരുന്നു. സുനിലിനെ പരിഗണിച്ചില്ലായെങ്കിൽ കോവളം ഏര്യാ സെക്രട്ടറി പി എസ് ഹരിയെ സെക്രട്ടറിയാക്കാനായിരുന്നു ആനാവൂരിന്റെ നീക്കം.

ജില്ലയിൽ പാർട്ടിക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുൾപ്പെടെ ഹരി നടത്തിയ നീക്കങ്ങൾക്കുള്ള ഉപകാര സ്മരണയാവണം ഈ പദവി എന്നാണ് ഹരിയെ അനുകൂലിക്കുന്ന ആനാവൂർ പക്ഷക്കാർ പറഞ്ഞു നടക്കുന്നത്. എന്നാൽ സുനിലിനെ സെക്രട്ടറിയാക്കുന്നത് ജില്ലയിലെ പ്രമുഖ നേതാക്കൾ എതിർത്തതാണ് സംസ്ഥാന നേതൃത്വത്തെ പിന്നോട്ടടിച്ചത്. തുടച്ചു നീക്കിയ വിഭാഗീയത ശക്തിപ്പെടാൻ ഇപ്പോഴത്തെ നീക്കങ്ങൾ വഴി വെയ്ക്കുമെന്ന കണക്കുകൂട്ടലും സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. സി.അജയകുമാറിന്റെ പേരും ഒരു വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്നു.

എന്നാൽ വർക്കല എംഎൽഎയായ വി ജോയിയെ മുന്നിൽ നിർത്തി ആനത്തലവട്ടം ആനന്ദൻ നിലാപ്ട വ്യക്തമാക്കിയതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം ഒന്നിക്കുകയായിരുന്നു. ആനാവൂരിന്റെ പൂതിക്ക് തടയിട്ട നേതാക്കൾ ഒത്തു തീർപ്പെന്ന നിലിയിൽ മുന്നോട്ടു വയ്ക്കുന്ന പേരാണ് മുൻ മേയർ കൂടിയായ സി ജയൻ ബാബുവിന്റേത്. സർവ്വസമ്മതനായ ജയൻ ബാബുവിനെ സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നുണ്ട്. നേരത്തെ വി എസ് ക്യാമ്പിലെ കടുത്ത പോരാളിയായരുന്നെങ്കിലും നിലാപാട് മാറ്റി ഔദ്യോഗിക പക്ഷത്തോട്്്് അടുത്ത്് മുന്നോട്ടു പോകുന്ന ജയൻ ബാബുവിന്റെ സംശുദ്ധി സംഘടനയ്ക്ക് കരുത്ത് പകരുമെന്നാണ്് പാർട്ടി സംസ്ഥാന നേതൃത്വം കരുതുന്നത്.

ജയൻ ബാബുവിന്റെ പരിചയവും സീനിയോറിട്ടിയും ജില്ലയിൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടാൻ വഴിവെയ്ക്കുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. സി ഐ ടി യും നേതൃസ്ഥാനത്ത് ഉള്ള സുനിൽ കുമാർ അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായം സംഘടനയ്ക്ക് ഉണ്ട്. വി ജോയിക്ക് ഈ പാർട്ടി സമ്മേളനത്തിൽ ഇരട്ട ഭാഗ്യമാണ് വന്നു കയറിയത്. ഒറ്റയടിക്ക് ജില്ലാ സെക്രട്ടറിയേറ്റ്, പിന്നീട് സംസ്ഥാന കമ്മിറ്റി. ഇതൊക്ക ആനത്തലവട്ടത്തിന്റ സമ്മർദ്ദമാണെന്ന് ചില നേതാക്കൾ സമ്മതിക്കുന്നു.

ആനാവൂർ നാഗപ്പന് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചതോടെ തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂടി. സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ശേഷിയുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെ ഉണ്ടെങ്കിലും എല്ലാ പേർക്കും നേതൃത്വത്തിന്റെ ആശിർവാദമില്ല. സ്ഥാനമോഹികൾ കൂടിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. അതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിൽ കൂടി ആനാവൂർ നാഗപ്പനോട് തൽക്കാലം ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത് .

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട ആനത്തലവട്ടം ആനന്ദന്റെയും കോലിയക്കോട് കൃഷ്ണൻ നായരുടെയും നിലപാടുകളും നിർണായകമാണ്്. ഇതിലെല്ലാം ഉപരി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.ശിവൻകുട്ടിയും സ്വീകരിക്കുന്ന നിലപാടുകളും സെക്രട്ടറിയെ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാണ്.