മലപ്പറം: ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിനെ നിമിഷ നേരംകൊണ്ട് തെരഞ്ഞെടുത്തെങ്കിലും വെല്ലുവിളി മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളുടെ പിൻഗാമിയെ കണ്ടെത്തൽ. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റായതോടെ ഭാവിയിലെ സംസ്ഥാന പ്രസിഡന്റു കൂടിയാകും ഇനി വരുന്ന മലപ്പുറം ജില്ലാ പ്രസിഡന്റ്. ഇതു തന്നെയാണ് കഴിഞ്ഞ കാലങ്ങളിലും പാണക്കാട് ആവർത്തിച്ചുപോന്നത്.

കൂടുംബത്തിലെ കാരണവന്മാരെയാണ് ചുമതല ഏൽപിക്കുന്നതെന്നു ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിൽ സജീവമായവരെയാണ് ഇത്തരത്തിൽ പരിഗണിച്ച ചരിത്രമുള്ളത്. മുൻകാലങ്ങളിൽനിന്നും വിഭിന്നമായി തങ്ങൾ കുടുംബത്തിൽ ജനസംഖ്യ വർധിച്ചതും വിവിധ ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും വഴിവെക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങൾ കോഴിക്കോട് ലീഗ് ഹൗസിൽവെച്ച് പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതികരിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് കുടുംബത്തിലെ മുതിർന്നവരെ പരിഗണിക്കുമോ, അതോ നിലവിൽ സജീവമായ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെ പരിഗണിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
നിലവിൽ പാണക്കാട്ടെ മൂന്നുപേർക്കു പരിഗണനാ സാധ്യതയുണ്ടെങ്കിലും മുനവ്വറലി തങ്ങൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. നിലവിൽ പാണക്കാട്ടെ കുടുംബത്തിന്റെ സാദിഖലി തങ്ങൾ കഴിഞ്ഞാൽ സജീവമായി പ്രവർത്തിക്കുന്നത് മുനവ്വറലി തങ്ങളാണ്. ഇതിന് പുറമെ
സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങൾ, അന്തരിച്ച ഉമറലി തങ്ങളുടെ മകനും മുൻവഖഫ് ബോർഡ് ചെയർമാനുമായ റഷീദലി തങ്ങൾ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

സമസ്തയുടെ താൽപര്യം റഷീദലി തങ്ങൾക്കാണെന്ന സൂചനയും, ചില നേതാക്കൾക്ക് അബ്ബാസ് അലി തങ്ങളോട് താൽപര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ന് പാണക്കാട് ചേർന്ന മുസ്ലിംലീഗ് നേതൃയോഗമാണ് സാദിഖലി തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് കെ.എം.ഖാദർ മൊയ്തീന്റെ അധ്യക്ഷതയിൽ പാണക്കാട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങളെ തെരെഞ്ഞെടുത്തിട്ടുണ്ട്.

ലീഗ് ഉന്നതാധികാര സമിതി അംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന സാദിഖലി തങ്ങൾ ഹൈദരലി ശിഹാബ് തങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായ ഘട്ടം മുതൽ സംസ്ഥാന പ്രസിഡണ്ടിന്റെ ചുമതല നിർവ്വഹിച്ചു വരികയായിരുന്നു. അതേ സമയം പാണക്കാട് കുടുംബം തന്നെ ചർച്ചചെയ്താകും അടുത്ത ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് നേതൃത്വത്തെ വിവരം അറിയിക്കുക. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണിപ്പോൾ കുടുംബത്തിലെ ചർച്ചകൾക്കും നേതൃത്വം നൽകുന്നതും എല്ലാവർക്കും പൊതുസമ്മതനായി പ്രവർത്തിക്കുകയും ചെയ്യുന്നത്.

ഇന്നു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത സാദിഖലി തങ്ങളുടെ പേരും പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബ തീരുമാന പ്രകാരം നിർദ്ദേശിച്ചത്. ഹൈദരലി ശിഹാബ് തങ്ങൾ വഹിച്ചിരുന്ന മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങൾ പ്രവർത്തിക്കും.