മുംബൈ: അടുത്ത 25 വർഷം കൂടി മഹാരാഷ്ട്രയിൽ ബിജെപിക്ക് അധികാരം ലഭിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അർണബ് ​ഗോസ്വാമി കാരണം ആത്മ​ഹത്യ ചെയ്യേണ്ടി വന്ന ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ദിശ മാറ്റാനുള്ള ശ്രമമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മരണപ്പെട്ട അൻവേ നായിക്കിന്റെയും കുടുംബങ്ങൾ തമ്മിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് ബിജെപി ഉന്നയിക്കുന്ന ആരോപണമെന്നാണ് ശിവസേനയുടെ വാദം.

ആരോപണവുമായി രംഗത്തെത്തിയ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യയെ സഞ്ജയ് റാവത്ത് വിമർശിക്കുകയും ചെയ്തു. അൻവേ നായിക്കിന്റെ ഭാര്യയും മകളും നീതിക്കായി നിലവിളിക്കുമ്പോൾ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാൻ ബിജെപി ശ്രമിക്കുകയാണെന്ന് റാവത്ത് പറഞ്ഞു. ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് സുപ്രീംകോടതി അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചു.