ലണ്ടൻ: കൊറോണയുടെ ആദ്യ തരംഗകാലത്താണ് നൂറു വയസ്സായ ക്യാപ്റ്റൻ ടോം വീടിനു ചുറ്റും നൂറുതവണ നടന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ച് എൻ എച്ച് എസിന് നൽകിയത്. അന്ന് ബ്രിട്ടൻ നെഞ്ചോട് ചേർത്ത് പിടിച്ചതായിരുന്നു ആ പ്രകടനം. അതിന്റെ തനിയാവർത്തനം എന്നതുപോലെ മറ്റൊരു പ്രകടനം ഇപ്പോൾ ബ്രിട്ടനെ സ്പർശിച്ചിരിക്കുന്നു. ടോണി ഹഡ്ഗെൽ എന്ന ഏഴുവയസ്സുകാരനാണ് ഇപ്പോൾ താരമായിരിക്കുന്നത്. കൃത്രിമക്കാലുകൾ ഉപയോഗിച്ച് 10 കിലോമീറ്റർ നടന്ന് ടോണി ആശുപത്രിക്കായി സമാഹരിച്ചത് 1.6 മില്യൺ പൗണ്ട്.

ക്യപ്റ്റൻ ടോമിനെ ആദരിക്കാൻ മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് രാജകുടുംബം കുഞ്ഞു ടോണിയുടെ സത്പ്രവർത്തിയേയും ആദരിക്കാൻ മുന്നിട്ടിറങ്ങി. വെസ്റ്റ് മിനിസ്റ്റർ ആബിയുടെ പൂമുഖത്ത് വെച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ടോണിയുമായി സംസാരിച്ചു. അവനെ ദത്തെടുത്ത മാതാപിതാക്കളായ മാർക്കും പൗളയും ഒപ്പമുണ്ടായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്ന ജന്മമാണ് കുഞ്ഞുടോണിയുടേത്. ജീവിതത്തിനു മുൻപിൽ പകച്ചു നിൽക്കുന്ന ആർക്കും വെല്ലുവിളികളെ നേരിടാനുള്ള പ്രചോദനം നൽകുന്ന ജീവിത.

ആറാഴ്‌ച്ച മാത്രം പ്രായമുള്ളപ്പോൾ, ജന്മം നൽകിയ മാതാപിതാക്കളാൽ അവഗണിക്കപ്പെട്ട കുഞ്ഞു ടോണിയിൽ കണ്ടെത്തിയത് മരണകാരണം വരെ ആയേക്കാവുന്ന അവയവങ്ങളുടെ പ്രവർത്തന രാഹിത്യവും ആന്തരിക മുറിവുകളും ഒടിവുകളും ചതവുകളുമൊക്കെയായിരുന്നു. ഇന്റൻസീവ് കെയറിലേക്ക് എത്തിച്ച ഈ കുഞ്ഞ് അന്ന് 23 ശസ്ത്രക്രിയകൾക്കാണ് വിധേയനായത്. മാത്രമല്ല, എട്ട് തവണ രക്തം സ്വീകരിക്കെണ്ടതായും വന്നു.

തന്നെ ശുശ്രൂഷിച്ച ഈവ്ലിന ലണ്ടൻ ചിൽഡ്രൻസ് ആശുപത്രിക്ക് വേണ്ടി കൃത്രിമ കാലിൽ 10 കിലോമീറ്റർ നടന്ന് 1.6 മില്യൺ പൗണ്ട് സംഭരിച്ച ടോനി പ്രദർശിപ്പിച്ച പ്രായത്തിനതീതമായ് ധൈര്യത്തെ മാനിച്ചായിരുന്നു കെയ്റ്റ് രാജകുമാരി സംഘടിപ്പിച്ച ടുഗതർ അറ്റ് ക്രിസ്ത്മസ് കരോൾ പരിപാടിയിലേക്ക് ടോണിക്ക് ക്ഷണം ലഭിച്ചത്. മൂന്നു വയസ്സുള്ളപ്പോഴായിരുന്നു ഈ കുഞ്ഞു മിടുക്കന്റെ രണ്ടു കാലുകളും മുറിച്ചുമാറ്റിയത്.

മുൻപ് കൃത്രിമക്കാലുകൾ ഉപയോഗിച്ച് പരിചയമില്ലാത്ത ടോണി ഈ സംരംഭത്തിനു വേണ്ടി അവ ഉപയോഗിച്ച് നടന്നു പരിശീലിക്കുകയായിരുന്നു. നൂറാം വയസ്സിൽ വീടിനു ചുറ്റും നൂറുതവണ നടന്ന് എൻ എച്ച് എസിനായി 33 മില്യൺ പൗണ്ട് സമാഹരിച്ച ക്യാപ്റ്റൻ ടോം മൂറെയുടെ പ്രവർത്തിയായിരുന്നു കുഞ്ഞ് ടോണിക്കും പ്രചോദനമായത്. വില്യം രാജകുമാരനേയും കെയ്റ്റ് രാജകുമാരിയേയും അടുത്തുകണ്ടതോടെ ടോണിയുടെ മുഖം തെളിഞ്ഞു എന്ന് വളർത്തമ്മയായ പൗള പറഞ്ഞു. കെയ്റ്റ് രാജകുമാരി ടോണിയുടെ അടുത്തെത്തി, നിലത്ത് മുട്ടുകുത്തി നിന്ന് സംസാരിച്ചപ്പോൾ തൊട്ടു പുറകിൽ നിന്ന് വില്യമും ടോണിയുമായി സംസാരിച്ചു.

കുഞ്ഞു ധീരന്റെ നടത്തത്തേ കുറിച്ചും, ഇപ്പോഴും ആശുപത്രിയിൽ പോകാറുണ്ടോ എന്നുമൊക്കെ ചോദിച്ച കെയ്റ്റ് അവന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്ത്മസ് കരോൾ ഏതാണെന്നും തിരക്കി. സാന്റാ ബേബി എന്ന കരോൾഗാനം ഏറെ ഇഷ്ടപ്പെടുന്ന ടോണി പക്ഷെ അത് പറയാൻ ആദ്യമൊന്നു നാണിച്ചു. എന്നാൽ പറഞ്ഞ ഉടൻ എന്റെയും ഇഷ്ടഗാനമാണതെന്ന് പറഞ്ഞ് വില്യം അവന്റെ തോളിൽ മെല്ലെ തട്ടി. ഏകദേശം അഞ്ചു മിനിറ്റോളം വില്യമും കെയ്റ്റും ടോണിയുമായി സംസാരിച്ചു. അവിടെ സന്നിഹിതരായിരുന്ന മറ്റാരുമായും അവർ ഇത്രയും നേരം സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി.

മുൻ മാർക്കറ്റ് റിസർച്ച് സൂപ്പർവൈസറായ പൗള ടോണിയെ ആദ്യമായി കണ്ട നിമിഷം ഒരിക്കലും മറക്കില്ല. അവന് ജന്മം നൽകിയ മാതാപിതാക്കളായ ജോടി സിമ്പ്സണിന്റെയും ടോണി സ്മിത്തിന്റെയും കൈകളിൽ നിന്നേറ്റ ഭീകരമായ അവഗണനയും പീഡനവും ആ കുഞ്ഞിന്റെ ജീവനെ തന്നെ അപകടത്തിലാക്കിക്കൊണ്ട് ആ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ അവന് പ്രായം വെറും നാലു മാസം മാത്രം. ആഴ്‌ച്ചകൾ മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞിന്റെകാലുകൾ വളച്ചൊടിച്ച് മാതാപിതാക്കൾ വരുത്തിയത് എട്ട് ഒടിവുകളായിരുന്നു.

കുട്ടികളോടുള്ള ക്രൂരതക്കെതിരെ പൗളയും മാർക്കും നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ഫലമായി ഇപ്പോൾ ഇരുവരും തടവുശിക്ഷ അനുഭവിക്കുകയാണ്. ആശുപത്രിയിൽ വച്ചായിരുന്നു ടോണിയെ ആദ്യം കാണുന്നത്. പൂർണ്ണവിവരം അപ്പോൾ അറിയില്ലായിരുന്നു. പിന്നീട് ഒരു നഴ്സ് പറഞ്ഞാണ് എല്ലാം അറിഞ്ഞത്, പൗള പറയുന്നു. കുഞ്ഞിനെ ക്രൂരമായി ശിക്ഷിച്ചിട്ടും അവനെ ഡോക്ടറുടെ അടുത്തെത്തിക്കാൻ ജന്മം നൽകിയ അമ്മ പിന്നെയും പത്തു ദിവസം താമസിച്ചു. തീർത്തും ജീവനില്ലാത്ത നിലയിലായിരുന്നു അപ്പോൾ ആ കുഞ്ഞ്. ജി പിയിലെ ഒരു നഴ്സ് ഉടനടി ആംബുലൻസ് വിളിച്ച് അവനെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് ആ ജീവൻ രക്ഷിക്കാനായത്.