തിരുവനന്തപുരം: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നൽ മുരളി. ടൊവിനോ സൂപ്പർഹീറോ ആയി എത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ആവേശത്തിലായിരുന്നു. ട്രയിലർ കൂടി പുറത്തിറങ്ങിയപ്പോൾ പ്രതീക്ഷകൾ വാനോളമെത്തി. റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഹോളിവുഡിൽ നിന്നുവരെ ആശംസകളെത്തിയിരിക്കുകയാണ്.

ലോകപ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ എലൻ സിൽവെസ്ട്രിയാണ് മിന്നൽ മുരളിക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രത്തിന്റെ ട്രയിലർ പങ്കുവെച്ചുകൊണ്ടാണ് താരം ചിത്രത്തിന് ആശംസകൾ നേർന്നത്. '' ഈ മനോഹര ചിത്രത്തിന് ആശംസകൾ'' എന്നാണ് സിൽവെസ്ട്രി കുറിച്ചത്. 'ഫോറസ്റ്റ് ഗംപ്', 'പ്രെഡേറ്റർ, 'കാസ്റ്റ് എവേ', 'ദ അവഞ്ചേഴ്സ്', 'റെഡി പ്ലയർ വൺ', 'അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്സ്: എൻഡ് ഗെയിം' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ താരമാണ് എലൻ സിൽവെസ്ട്രി.

കഴിഞ്ഞ വർഷം നെറ്റ്ഫ്‌ളിക്‌സ് റെക്കോഡുകൾ തകർത്ത സിനിമയായ ആക്ഷൻ ചിത്രം 'എക്സ്ട്രാക്ഷന്റെ' സംവിധായകനായ സാം ഹാർഗ്രേവും മിന്നൽ മുരളിയുടെ ടീസർ പങ്കുവച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ടീസർ ഷെയർ ചെയ്തത്. ചിത്രത്തിലെ .സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്‌ലാഡ് റിംബർഗ് ആണ്.

ഗോദക്ക് ശേഷം ടൊവിനോയും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, മാമുക്കോയ, ബൈജു സന്തോഷ്, ബിജുക്കുട്ടൻ, ജൂഡ് ആന്റണി, ഷെല്ലി കിഷോർ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി,കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.