നെഞ്ചെരിച്ചിലിന് പ്രവാസികൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. പ്രോട്ടോൺ 40 എംജി, പ്രോട്ടോൺ 20 എംജി ഇസി ടാബ്ലറ്റുകളാണ് പിൻവലിച്ചത്.ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആണ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഗുളികകൾ സ്ഥിരമായി കഴിക്കുന്ന രോഗികൾ ഡോക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകൾ വാങ്ങണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോൺ ഗുളികകൾ ഉൽപ്പാദിപ്പിക്കുന്നത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി നേരത്തെ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.'രാജ്യത്തെ വിപണിയിലുള്ള ഈ മരുന്നിന്റെ മുഴുവൻ ബാച്ചുകളും പിൻവലിക്കണമെന്ന് അംഗീകൃത വിതരണക്കാരായ സിറ്റി മെഡിക്കൽ സ്റ്റോറിനോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ ഫാർമസികളും ഈ മരുന്ന് വിൽക്കുന്നത് നിർത്തിവയ്ക്കുകയും വിതരണക്കാരെ തിരിച്ചേൽപ്പിക്കുകയും ചെയ്യണം.