കൊച്ചി: കേരളത്തിൽ പത്രപ്രവർത്തകർക്കായി രാഷ്ട്രീയ സംഘടനയും. കേരളത്തിലെ മാധ്യമ മേഖലയിൽ സംഘ പരിവാറിന്റെ വമ്പൻ നീക്കമാണ് സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. കേരളാ പത്രപ്രവർത്തക യൂണിയനുമായി ഇടയുന്നതിന്റെ സൂചനയാണ് പരിവാർ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ നൽകുന്നത്.

ഡൽഹിയിൽ നിന്നും നടത്തിയ നേരിട്ടുള്ള ഓപ്പറേഷനിലൂടെയാണ് സംഘപരിവാർ കേരളത്തിൽ മാധ്യമ പ്രവർത്തകരുടെ സംഘടനയ്ക്ക് രൂപം നൽകിയത്. ബി.എം.എസിൽ അഫിലിയേറ്റ് ചെയ്താണ് വർക്കിങ് ജേർണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം രൂപീകരിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരിൽ നല്ലൊരു പങ്കും സംഘപരിവാറിന്റെ എതിർ പക്ഷത്ത് നിൽക്കുമ്പോഴാണ് മാധ്യമ പ്രവർത്തകരെ സംഘപരിവാർ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പരിവാർ സംഘടനയാണ് ബിഎംഎസ്.

ദേശീയ തലത്തിൽ പരിവാർ അനുകൂലികളുടെ കൂട്ടായ്മാ ഗ്രൂപ്പിലെ അംഗമായ മാധ്യമ പ്രവർത്തകൻ ബിജു തറയിലാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. പരിവാറിന്റെ ഏറെ കരുതലോടെയുള്ള ഈ നീക്കം ഇപ്പോൾ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ചില മുതിർന്ന ആർഎസ്എസ്,ബിഎംഎസ് നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടായിരുന്നു.അപൂർവ്വം ചില മുതിർന്ന നേതാക്കൾ മാത്രം അറിഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെയൊരു നീക്കം.

അതീവ രഹസ്യമായി സംഘപരിവാർ അനുഭാവികൾ എന്ന് അവകാശപ്പെടുന്ന മുതിർന്ന മാധ്യമ പ്രവർത്തകരെ പോലും അകറ്റി നിർത്തിക്കൊണ്ടായിരുന്നു സംഘടനാരൂപീകരണം സംബന്ധിച്ച ചർച്ചകൾ. ഇങ്ങനെയൊരു നീക്കത്തിന് കാരണം നേരത്തെ സംഘപരിവാർ അനുഭാവികളായ മാധ്യമ പ്രവർത്തകർ ഇത്തരമൊരു നീക്കത്തിന് തുരങ്കം വെച്ചതാണ്. ഇക്കുറി എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള നീക്കമായിരുന്നു സംഘപരിവാറിന്റേത്. കേരളാ പത്രപ്രവർത്ത യൂണിയൻ സിപിഎം അനുകൂല സംഘടനയായി എന്നാണ് പരിവാർ അനുകൂലികളുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടു വരുന്നത്.

ബിഎംഎസ് സംസ്ഥാന നേതൃത്വവും വർക്കിങ് ജേർണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ ദേശീയ നേതൃത്വവും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയതോടെ കേരളത്തിൽ മാധ്യമ പ്രവർത്തകർക്കായുള്ള സംഘപരിവാർ സംഘടന രൂപം കൊള്ളുകയായിരുന്നു. ഈ അടുത്ത കാലത്തതായി സംഘപരിവാറിന്റെ അക്ഷയ ശ്രീ അടക്കമുള്ള സംഘടനകളുടെ രൂപീകരണവും ഇത്തരത്തിൽ ആസൂത്രിതമായാണ് നടന്നത്. മാധ്യമ മേഖലയിൽ നിന്നുമാണ് തങ്ങൾക്ക് വലിയ എതിർപ്പുയരുന്നതെന്നു മനസിലാക്കിയാണ് സംഘപരിവാറിന്റെ ഈ നീക്കം. സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും അവസാന ഘട്ടത്തിലാണ് ഇതേകുറിച്ച് അറിഞ്ഞത്.

ബിജെപി നേതാക്കൾക്ക് കേരള പത്രപ്രവർത്തക യൂണിയനിലെ പ്രധാന മാധ്യമ പ്രവർത്തകരുമായി അടുപ്പമുള്ളതുകൊണ്ടാണ് ബി.എം.എസ് അതീവ രഹസ്യമായി ഈ സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട കരുനീക്കം നടത്തിയത് എന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് അവർ ബിജെപിയുമായി അടുപ്പം ഇല്ലാത്ത ബിജു തറയിലിനെ ഈ ദൗത്യം ഏൽപ്പിച്ചത്.ഇപ്പോൾ സംഘടനയുടെ ഒന്നാം സംസ്ഥാന സമ്മേളനം അമ്പലപ്പുഴയിൽ നടക്കുമ്പോൾ അതും സംഘപരിവാറിന്റെ രഹസ്യ നീക്കമാണ്.

കൊച്ചിയിലോ തിരുവനന്തപുരത്തോ കോഴിക്കോടോ സമ്മേളനം നടത്തിയെങ്കിൽ ആ വിവരം മാധ്യമങ്ങൾ ചോർത്തുകയും ഒരു പക്ഷെ ഈ നീക്കം തകരുകയും ചെയ്‌തേനെ. അതുകൊണ്ടാണ് അമ്പലപ്പുഴയിലേക്ക് സമ്മേളനം എത്തുന്നത്.