ബംഗളൂരു: കുടകിൽ മുസ്‌ലിം വിദ്യാർത്ഥിനികൾക്കുനേരെ സദാചാര ഗുണ്ട ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. വ്യാഴാഴ്ച വൈകീട്ട് സോംവാർപേട്ടിലെ ശനിവരശാന്തെയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ ഒന്നാം വർഷ പി.യു വിദ്യാർത്ഥിനികളാണ് ആക്രമണത്തിനിരയായത്.

സംഭവത്തിൽ പെൺകുട്ടികൾക്ക് പരിക്കുണ്ട്. മുസ്‌ലിം വിഭാഗത്തിൽ അല്ലാത്ത പെൺകുട്ടിക്ക് ശിരോവസ്ത്രം നൽകിയതാണ് പ്രകോപനമെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ക്ലാസിൽ കയറുന്നതിന് മുമ്പ് ശിരോവസ്ത്രം മാറ്റണമെന്ന് സ്‌കൂളിൽ നിർദേശമുള്ളതിനാൽ രാവിലെ ക്രിസ്ത്യൻ വിഭാഗത്തിലുള്ള പെൺകുട്ടിയുടെ കൈവശം മകൾ ശിരോവസ്ത്രം നൽകുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതിയിൽ പറയുന്നത്.

വൈകീട്ട് ഇത് തിരിച്ചുവാങ്ങുന്നതിനിടെയാണ് സംഘ് പരിവാർ സംഘടന പ്രവർത്തകരായ ഒരു കൂട്ടം യുവാക്കൾ പെൺകുട്ടികളെ ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്.