കൊൽക്കത്ത: സഹോദരന്റെ വിവാഹ വിരുന്നിൽ ബാക്കിവന്ന ഭക്ഷണം റെയിൽവേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവർക്ക് നൽകിയ ഒരു യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കൊൽക്കത്തയിൽനിന്നുള്ളതാണ് ഈ കാഴ്ച.

പലപ്പോഴും വിവാഹത്തിനും വിരുന്നുകൾക്കും ശേഷം വലിയ അളവിൽ ഭക്ഷണം പാഴായിപ്പോകാറുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുള്ള ലോകത്തിലാണ് ഇത്തരം പാഴാക്കലുകൾ നടക്കുന്നത്. എന്നാൽ കുടുംബത്തിലെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾക്കിടെ നിർധനരെ ഒപ്പം ചേർത്ത് നിർത്തുകയാണ് ഈ യുവതി.

 
 
 
View this post on Instagram

A post shared by Calcutta Instagrammers (@ig_calcutta)

സഹോദരന്റെ വിവാഹവിരുന്നിൽ ബാക്കിവന്ന ഭക്ഷണമാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ച് നിർധനർക്ക് തുണയായത്. പാപിയ കർ എന്നാണ് ഇവരുടെ പേര്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജൻ മണ്ഡലാണ് ഇവരുടെ ചിത്രം പകർത്തിയിരിക്കുന്നത്.

പുലർച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനിൽനിന്നാണ് നീലാഞ്ജൻ ഈ ചിത്രങ്ങൾ പകർത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തിൽ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടർന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമായിരുന്നു.



വിവാഹച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കൽനിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.