കോഴിക്കോട്: വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവതി കോടഞ്ചേരി ചെമ്പുകടവിൽ ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസാർ എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വിനോദസഞ്ചാരത്തിന് എത്തിയ സംഘം പുഴയിൽ ഇറങ്ങിയപ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ആയിഷയും അൻസാറും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വനമേഖലയിൽ മഴ പെയ്തതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പെട്ടെന്നാണ് ചാലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നത്.

നീന്തി രക്ഷപ്പെട്ടവർ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അൻസാറിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.