ഹരിയാന: സ്‌കൂൾ ഉടമയ്ക്കും തഹസിൽദാറിനുമെതിരായ കൂട്ടബലാത്സംഗ പരാതി പിൻവലിക്കാൻ സഹപ്രവർത്തകനിൽ നിന്ന് 7.25 ലക്ഷം രൂപ സ്വീകരിച്ച കേസിൽ സ്‌കൂൾ അദ്ധ്യാപികയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സ്‌കൂൾ ഉടമയിൽ നിന്നും നേരത്തെ കൈപ്പറ്റിയ ആറ് ലക്ഷം രൂപ യുവതിയിൽ നിന്നും കണ്ടെടുക്കുന്നതിനായി രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.

അതേസമയം ആരോപണം നിഷേധിച്ച യുവതി പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. ഗൂഢാലോചനയിൽ കർണാൽ ജില്ലയിലെ ഒരു എംഎ‍ൽഎയുടെ മകന് പങ്കുണ്ടെന്നും താൻ ആരുടെയും കൈയിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.ബലാത്സംഗ കേസ് ദുർബലമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഇരയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു.

രണ്ടര മാസത്തിനിടെ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. ഇപ്പോൾ ഇരയെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം യുവതി സ്‌കൂൾ ഉടമയോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പൊലീസ് സൂപ്രണ്ട് സുരീന്ദർ സിങ് ഭോറിയപറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നും എസ്‌പി പറഞ്ഞു.

സ്‌കൂൾ ഉടമയും തഹസിൽദറും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി നേരത്തെ ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് പരാതിക്കാരിയായ അദ്ധ്യാപികയും ഭർത്താവും അറസ്റ്റിലായത്.