മഞ്ചേരി: കടലുണ്ടിപ്പുഴയിൽ അകപ്പെട്ട സ്ത്രീ രക്ഷപെട്ടത് അത്ഭുകരമായി. പുഴയിലൂടെ സ്ത്രീ ഒഴുകിയത് 13 കിലോമീറ്റർ ദൂരമാണ്. പന്തല്ലൂർ സ്വദേശിനിയായ മധ്യവയസ്കയെ ആനക്കയത്ത് വച്ചാണ് നാട്ടുകാർ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ ആറരയോടെയാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം.

പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിയത്. പ്രഭാതനടത്തത്തിന് ഇറങ്ങിയ കളത്തിങ്ങൽപടി ജാഫർ, ഷെരീഫ്, നൗഫൽ, പുള്ളിയിലങ്ങാടി സാഹിർ, അബ്ദുസലാം തുടങ്ങിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ കൺവെട്ടത്തുനിന്ന് മറഞ്ഞു. പിന്നീട് 2 കിലോമീറ്റർ ദൂരം പിന്തുടർന്ന യുവാക്കൾ പാറക്കടവിൽവച്ച് പുഴയിലിറങ്ങിയാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. വിവരം അറിഞ്ഞ് പൊലീസും കൂടുതൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. കടമ്പോട്, പുള്ളിയിലങ്ങാടി, ചിറ്റത്തുപാറ, ചേപ്പൂർ വഴി ചുറ്റിവളഞ്ഞ് ഒഴുകുന്ന പുഴയിലൂടെ അപകടം സംഭവിക്കാതെ ഇത്രയും ദൂരം ഒഴുകിയെത്തിയത് അദ്ഭുതമായി. നിസ്സാര പരുക്കുകൾ മാത്രമുണ്ടായിരുന്ന ഇവർ ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.