തിരുവനന്തപുരം: ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിക്കാനിടയായ സംഭവത്തിൽ ആർസിസിയോട് വിശദീകരണം തേടി വനിതാ കമ്മീഷൻ.നദീറയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ആർ സി സി നൽകണമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. നദീറയുടെ മരണത്തിൽ ആർസിസിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

അതേസമയം നദീറ മരിച്ചത് ആർ സി സിയുടെ അനാസ്ഥ മൂലമെന്ന് സഹോദരി ആരോപിച്ചു. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആർ സി സിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയതുകൊണ്ട് കാര്യമില്ലെന്നും റജീന മാധ്യമങ്ങളോട് പറഞ്ഞു.നദീറയുടെ ഒന്നേകാൽ വയസുള്ള കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആർ സി സി നൽകണം. ചികിത്സയിൽ വീഴ്ചയുണ്ടായി എന്നൊരു പരാതിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ സംഭവത്തിൽ പരാതി കൊടുത്തിട്ടുണ്ടെന്നും റജീന പറഞ്ഞു.

ആർസിസിയിൽ അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്കു വീണാണ് പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറക്ക് പരുക്കേറ്റത്. ചികിത്സയിലായിരുന്നു യുവതി ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.

സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതർ തടിയൂരി. വിവാദം ഒഴിവാക്കാൻ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവൻ പേർക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. അപായ സൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്കു നൽകിയ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസെടുത്തു.

15നു പുലർച്ചെ 5നായിരുന്നു അപകടം. ആർസിസിയിൽ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിൽ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാൻ എത്തിയ നദീറ രണ്ടാം നിലയിൽ തുറന്നു കിടന്ന ലിഫ്റ്റിൽ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടൻ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാൻ കഴിയാതെ ഇവർ രണ്ടു മണിക്കൂർ കുടുങ്ങി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു.

5ന് തന്നെ നദീറയെ ആശുപത്രിയിൽ എത്തിച്ചെന്ന് ബന്ധു മറുപടി നൽകിയതോടെ സുരക്ഷാജീവനക്കാർ അന്വേഷിച്ചിറങ്ങി. ഒടുവിൽ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുയായിരുന്നു.