ഇടുക്കി: പണിക്കൻകുടി വലിയപറമ്പിൽ വീട്ടമ്മ കൊലപ്പെട്ട സംഭവത്തിൽ സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷൻ. സിന്ധുവിന്റെ മൃതദേഹം സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടി. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലാണ് ഇത് സംബന്ധിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.

സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിനോയിയുടെ വിട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായ ദിവസം മുതൽ ബിനോയിയും ഒളിവിലാണ്.കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടർന്ന് കുടുംബം വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ അയൽക്കാരനായ ബിനോയി ഒളിവിൽ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നിൽ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.