തിരുവനന്തപുരം: കൊച്ചിയിൽ ഫ്ളാറ്റിൽനിന്ന് ജോലിക്കാരി വീണുമരിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ.സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.പൊലീസ് ഈ കേസിൽ പുനരന്വേഷണം നടത്തണം. കേസുമായി ബന്ധപ്പെട്ട് ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കമ്മീഷൻ വിമർശിച്ചു.

കുമാരിയുടെ മരണം ദുരൂഹമാണ്. ഫ്ളാറ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുമാരി മരിച്ചതെന്നു പറയുമ്പോൾ അതിന് കൃത്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കേസിൽ ഗൗരവമായ അന്വേഷണം വേണം. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെൻട്രൽ സിഐ.യോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. ഫ്ളാറ്റിലെ മറ്റ് താമസക്കാരോട് സംസാരിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും വിവരങ്ങൾ തേടാനുമുള്ള ശ്രമത്തിലാണ് വനിത കമ്മിഷൻ. ഇന്നോ നാളെയോ ആവും വിവരശേഖരണം.

തമിഴ്‌നാട് സേലം സ്വദേശിനി കുമാരി(രാജകുമാരി-55)ആണ് ഫ്ളാറ്റിന്റെ ആറാംനിലയിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചി നഗരമധ്യത്തിലെ ഫ്ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്.