കാബൂൾ: അഫ്ഗാനിസ്ഥാനിലെ വസ്ത്രശാലകൾക്ക് മുന്നിലെ പെൺപ്രതിമകളുടെ തല വെട്ടിമാറ്റണമെന്ന താലിബാൻ നിർദ്ദേശം നടപ്പിലാക്കി വ്യാപാരികൾ. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകൾ എന്ന് ആരോപിച്ചാണ് തുണിക്കടകൾക്ക് താലിബാൻ ഈ നിർദ്ദേശം നൽകിയത്. പ്രതിമകളുടെ തല വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആളുകൾ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. പെൺപ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതുപോലും ശരിഅത്ത് നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

പ്രതിമകൾ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവിൽ വിട്ടുവീഴ്ച ചെയ്താണ് പെൺപ്രതിമകളുടെ തലവെട്ടാൻ ധാരണയായത്. നിർദ്ദേശം അവഗണിക്കുന്നവർ അർഹിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്ന് സദ്ഗുണ പ്രചാരത്തിനും ദുരാചാരം തടയുന്നതിനുമായുള്ള മന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റിൽ ഭരണം പിടിച്ചെടുത്തശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാൻ പറഞ്ഞിരുന്നെങ്കിലും പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകൾക്കും ജോലിക്കുപോകാനും കഴിയുന്നില്ല.

ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാർ വ്യക്തമാക്കിയിരുന്നു.