തൃശ്ശൂർ: മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കുറച്ചു ദിവസങ്ങളായി വലിയ സമരങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം. ഇതിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾക്ക് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ സമരങ്ങൾ സംഘപരിവാർ സൈബർ ഇടങ്ങളിൽ വലിയ പ്രോത്സാഹനവും ലഭിക്കുകയുണ്ടായി. ഈ സമരങ്ങളെ അഭിനന്ദിച്ചു കൊണ്ട് പല ബിജെപി അനുഭാവികളും പോസ്റ്റിടുകയും ചെയ്തു. ഇതിനിടെയാണ് കേരളാ വർമ്മയിലെ രണ്ട് അദ്ധ്യാപർ തമ്മിൽ മഹിളാ മോർച്ചയുടെ സമരങ്ങളുടെ പേരിൽ സൈബർ ഇടത്തിൽ നിഴൽയുദ്ധം നടത്തുന്നത്.

ആതിര വി എന്ന കേരള വർമ്മയിലെ ഹിന്ദി അദ്ധ്യാപിക ഫേസ്‌ബുക്കിൽ മഹിളാ മോർച്ചയുടെ സമരങ്ങളെ പിന്തുണച്ചു കൊണ്ടു പോസ്റ്റിട്ടിരുന്നു. ചിത്രങ്ങൾ സഹിതമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് പിന്നാലെ അതേ കോളേജിലെ അദ്ധ്യാപികയായ ദീപാ നിശാന്ത് മറ്റാരുടെയും പേരു പറയാതെ തന്നെ ഒരു പോസ്റ്റുമിട്ടു. മഹിളാ മോർച്ചക്കാരെ കൊട്ടിക്കൊണ്ടായിരുന്നു ഈ ഫേസ്‌ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അദ്ധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് എന്നുമായിരുന്നു ദീപാ നിശാന്തിന്റെ വാക്കുകൾ.

ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

കേരളത്തിലെ രാഷ്ട്രീയപൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നതും അവർ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണ്. പക്ഷേ മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈൽ കാണുമ്പോൾ (അവരിൽ പലരും നിഷ്പക്ഷത തകർത്തഭിനയിക്കുന്നവരുമായിരുന്നു??) കേരളത്തിൽ ആദ്യമായാണ് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും. പിണറായിയുടെ കിരാതഭരണത്തിനെതിരെ വീട്ടമ്മമാർ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വൻബൂസ്റ്റിങ്ങാണ്. ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അദ്ധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ്.

നട്ടുച്ചക്ക് ചാടിപ്പിടഞ്ഞെണീറ്റ് 'യ്യോന്റമ്മേ സൂര്യൻ!'ന്ന് വിളിച്ചു പറഞ്ഞ് നാട്ടാരെ ചിരിപ്പിക്കരുത്.അവരൊക്കെ സൂര്യനെ നേരത്തെ കണ്ടവരാണ്. നിങ്ങളോട് ചിലപ്പോൾ 'ഗുഡ് നൈറ്റ്' പറഞ്ഞു കളയും.സമരമുഖത്തെ എല്ലാ പെണ്ണുങ്ങൾക്കും അഭിവാദ്യങ്ങൾ. പെട്രോൾവിലവർധനവിനെതിരെ, എല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന ദുർഭരണത്തിനെതിരെ, പൗരത്വബില്ലിനെതിരെ മുന്നോട്ടു വരാൻ നിങ്ങൾക്ക് സാധിക്കട്ടെ. മനുസ്മൃതിമൂല്യങ്ങൾക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും നിങ്ങളുടെ ശബ്ദമുയരട്ടെ.

ദീപാ നിശാന്തിന്റെ പോസ്റ്റിന് മറുപടിയുമായി സഹ അദ്ധ്യാപികയായ ആതിരയും രംഗത്തുവന്നു. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവർത്തക ആയിരുന്നു. സുഷമ സ്വരാജ്, നിർമല സീതാരാമൻ തുടങ്ങിയ കുലസ്ത്രീകൾ തന്നെയാണ് മാതൃകകൾ..കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവർത്തകർക്കും കുട്ടികൾക്കും അറിയാം. കുട്ടികൾക്കു അറിയില്ലെങ്കിൽ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന സഹപ്രവർത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ലെന്നും ആതിര ഫേസ്‌ബുക്കിൽ കുറിച്ചു. ദീപാ നിശാന്തിനുള്ള മറുപടിയെന്ന നിലയിലായിരുന്ന ഈ പോസ്റ്റ്.

ആതിരയുടെ ഫേസ്‌ബുക്ക് പൂർണരൂപം ഇങ്ങനെ:

സഹപ്രവർത്തകയുടെ പോസ്റ്റ് കണ്ടു. ഇവരോടൊക്കെ മറുപടി പറയേണ്ട ആവശ്യം ഉണ്ടോ എന്നു ചിന്തിച്ചതാണ്..പക്ഷേ ചില കാര്യങ്ങൾ പറയാതെ വയ്യല്ലോ.. ഇനിയിപ്പോ തലയിൽ പൂട തപ്പി എന്ന സ്ഥിരം ഡയലോഗ് വരുമായിരിക്കും.. അതിപ്പോ മകളുടെ IT കമ്പനി വഴി കള്ളക്കടത്തു എന്നു പറയുമ്പോ നമുക്ക് ഒരാളെയല്ലേ ഓർമ വരൂ.. അതുപോലെ കുഞ്ഞിനെ മുതുകിൽ കെട്ടി വെച്ച് യുദ്ധം ചെയ്ത റാണി എന്നു പറയുമ്പോ ഒരാളെയല്ലേ ഓർമ വരൂ.. അതുപോലെ കൂട്ടിയാൽ മതി..പത്തു വയസ്സിൽ ഇവിടെ പുങ്കുന്നത്തുള്ള വേണുവേട്ടൻ, മുരളിയേട്ടൻ, സത്യേട്ടൻ ഇവർ പറഞ്ഞിട്ട് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ് ചെയ്ത് തുടങ്ങിയതാണ് എന്റെ രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവർത്തക ആയിരുന്നു. സുഷമ സ്വരാജ്, നിർമല സീതാരാമൻ തുടങ്ങിയ കുലസ്ത്രീകൾ തന്നെയാണ് മാതൃകകൾ..കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവർത്തകർക്കും കുട്ടികൾക്കും അറിയാം. കുട്ടികൾക്കു അറിയില്ലെങ്കിൽ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന സഹപ്രവർത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല. ഇന്നലെ നടന്ന മാർച്ചു കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അദ്ധ്യാപക സുഹൃത്താണ്. ആദ്യം msg അയച്ചു വിവരം ചോദിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന കുട്ടികൾ ആണ്.. messenger ലും അവരുടെ msgs ഉണ്ട്.

ഞാൻ അവരുടെ രാഷ്ട്രീയത്തെ വിരോധത്തോടെ കണ്ടിട്ടില്ല. കാണുകയും ഇല്ല. രാഷ്ട്രീയം വേണം എന്നു തന്നെയാണ് പറയാറുള്ളത്. എന്റെ രാഷ്ട്രീയ പോസ്റ്റിൽ അവർ ഒന്നും മോശമായി പറഞ്ഞിട്ടില്ല.. ഞാൻ അവർ ഇടുന്നതിലും പറയാറില്ല. ഞാൻ എന്റെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന ആളാണ്. ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജിൽ ഞാൻ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവർത്തകയായ അദ്ധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ. കാരണം അവരെല്ലാം തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. ഫോട്ടോയിൽ വരാൻ മാത്രം വനിതാ മതിൽ പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. അവർ അവരുടെ രാഷ്ട്രീയ നിലപാടിന് ശരി എന്നു തോന്നുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരാണ്. അല്ലാതെ ഫേസ്‌ബുക്കിൽ കുറെ തള്ളി മറിച്ചു ലൈക് കൂട്ടുന്നവരല്ല.. അവരുടെ പ്രവർത്തനം ചിലപ്പോ പോസ്റ്റ് ചെയ്യാൻ പോലും അവർക്ക് സമയം കിട്ടുന്നുണ്ടാവില്ല.പിന്നെ ചിലർക്കൊരു വിചാരം ഉണ്ട്.. എഴുത്തും വായനയും ഇവരുടെ കുത്തക ആണെന്ന്.. 'മൗലിക'മായ കൃതികൾ എഴുതുന്നവരോട് എന്നും ബഹുമാനം മാത്രേ ഉള്ളൂ..അങ്ങനെ എഴുതുന്ന ഒരുപാട് അദ്ധ്യപകസുഹൃത്തുക്കളെയും അറിയാം.നിങ്ങളുടെ ഇപ്പോഴത്തെ പോസ്റ്റിന്റെ പിന്നിലുള്ള അസുഖം ഒക്കെ മനസിലായി.. പക്ഷേ മരുന്ന് കണ്ടുപിടിക്കാത്ത അസുഖമായതുകൊണ്ടു രക്ഷയില്ല.. അപ്പോൾ പറഞ്ഞു വന്നത് പ്രസ്ഥാനത്തിനോട് അല്പം ആത്മാർത്ഥത ഉണ്ടെങ്കിൽ.. കൃത്യമായി അതിനു വേണ്ടി പ്രവർത്തിക്കുന്ന കൂടെയുള്ള അദ്ധ്യാപകരോടൊപ്പം സൂര്യന് കീഴെ നിന്നു കുറച്ചു സമരത്തിൽ പങ്കെടുക്കൂ... അല്ലാതെ തീയിൽ കുരുത്ത ഞങ്ങളെ പോലുള്ള പ്രവർത്തകരെ കാണിച്ചു 'അയ്യോ വെയിൽ' എന്നു പറഞ്ഞു പേടിപ്പിക്കരുത്.. വെയിലിനു നാണമാവും.. അപ്പോ പ്രിയ സുഹൃത്തിനു എല്ലാ ആശംസകളും

രണ്ട് അദ്ധ്യാപികമാരും രണ്ട് രാഷ്ട്രീയ പക്ഷത്ത് ഉള്ളവരാണ് എന്നതിനാൽ ഇവരുടെ വിദ്യാർത്ഥികളും കൗതുകത്തോടെയാണ് ഇവരുടെ സൈബർ ലോകത്തെ നിഴൽയുദ്ധത്തെ നോക്കിക്കാണുന്നത്.