സതാംപ്ടൺ: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അമൂല്യമായ കിരീടം തേടി ടീം വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ. ന്യൂസിലൻഡിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചു. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് ഇന്ത്യൻ ടീം. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സ്പിന്നർ ആർ. അശ്വിനും പ്ലേയിങ് ഇലവനിലുണ്ട്.

പേസർമാരായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. സതാംപ്ടണിൽ മഴ പെയ്യുമെന്നും മൂടിക്കെട്ടി കാലവസ്ഥയായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നതിനാൽ ഇന്ത്യ നാലു പേസർമാരുമായി ഇറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. അതുപോലെ ഇഷാന്ത് ശർമക്ക് പകരം മുഹമ്മദ് സിറാജിനെ അന്തിമ ഇലവനിൽ കളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിൽ ഏറെ പരിചയസമ്പത്തുള്ള ഇഷാന്തിനെ തന്നെ കളിപ്പിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. സതാംപ്ടണിൽ നിലവിൽ വരണ്ട കാലവസ്ഥയായതിനാൽ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കണക്കിലെടുത്താണ് അശ്വിനും ജഡേജയും ടീമിലെത്തിയത്.

ഫൈനലിന് മുമ്പ് ടീം അംഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയരുന്നു. ഇഷാന്തും ബൗളിംഗിൽ തിളങ്ങി. ഇതുകൂടി കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തത്.

ഓപ്പണിങ്ങിൽ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്യും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. സന്തുലിതമായ ടീമായിരിക്കും ഇന്ത്യയ്ക്കായി ഫൈനൽ കളിക്കാൻ ഇറങ്ങുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. ഫൈനലിലെത്താൻ ഇന്ത്യൻ ടീം വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നും ഗാംഗുലി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

ഇന്ത്യ പ്ലേയിങ് ഇലവൻ വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും വെള്ളിയാഴ്ച മത്സരിക്കാനിറങ്ങുമ്പോൾ ഇരു ടീമുകളും തുല്യദുഃഖിതരും തുല്യശക്തികളുമാണ്. മത്സരം വൈകീട്ട് മൂന്നുമുതൽ ഇംഗ്ലണ്ടിലെ ഏജീസ് ബൗൾ സ്റ്റേഡിയത്തിൽ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) സംഘടിപ്പിക്കുന്ന ആദ്യ ടെസ്റ്റ് ടൂർണമെന്റാണിത്. ഇവിടെ ജയിക്കുന്നവർ ക്രിക്കറ്റിൽ എല്ലാ കാലത്തും ഓർമിക്കപ്പെടും.

രണ്ടു വർഷത്തോളം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാമന്മാരായി ന്യൂസീലൻഡും ഫൈനലിലെത്തിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പദവിയുള്ള രാജ്യങ്ങളെല്ലാം ആറുവീതം ടെസ്റ്റ് പരമ്പര കളിച്ച്, കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ ഫൈനലിലെത്തും എന്നാണ് തുടക്കത്തിൽ പറഞ്ഞത്. 2019- ഓഗസ്റ്റിൽ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റോടെ ടൂർണമെന്റ് തുടങ്ങി. കോവിഡ് വന്നതോടെ ചില പരമ്പരകൾ ഉപേക്ഷിച്ചു. ഇതോടെ, പോയന്റ് ശതമാനമായി ഫൈനലിനുള്ള മാനദണ്ഡം.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടിലും നേടിയ പരമ്പര വിജയങ്ങൾ ഇന്ത്യക്ക് കരുത്തേകി. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യ ഒരേയൊരു പരമ്പര തോറ്റത് (20) ന്യൂസീലൻഡിനോടാണ്.

വിരാട് കോലിക്ക് കീഴിൽ ആദ്യ ഐസിസി കിരീടം ഇന്ത്യ ലക്ഷ്യമിടുമ്പോൾ കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ദൗർഭാഗ്യംകൊണ്ടുമാത്രം കിരീടം നഷ്ടപ്പെട്ട വേദന മറക്കാനാണ് ന്യൂസീലൻഡ് ഇറങ്ങുന്നത്.