മനാമ: ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. നേരത്തെ നൽകിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങൾ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

രാജ്യത്ത് അടുത്തിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, നിയന്ത്രണങ്ങൾ നീട്ടാനുള്ള നിർദ്ദേശം നൽകിയത്. ഇതോടെ രാജ്യത്തെ മാളുകളും വാണിജ്യ സ്ഥാപനങ്ങളും ജൂലൈ രണ്ട് വരെ അടഞ്ഞുകിടക്കും. ഓൺലൈൻ വ്യാപാരവും ഡെലിവറിയും തടസമില്ലാതെ തുടരും. റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. പാർസൽ നൽകുകയോ ഡെലിവറിയോ ആവാം. ജിമ്മുകൾ, പൂളുകൾ, വിനോദ കേന്ദ്രങ്ങൾ, ഫിറ്റ്‌നസ് ഹാളുകൾ, സിനിമാ തീയറ്ററുകൾ എന്നിവയും അടഞ്ഞുകിടക്കും.