ലണ്ടൻ: നിർണായകമായ ബ്രെക്‌സിറ്റ് വോട്ടെടുപ്പിലേക്ക് ബ്രിട്ടൻ നീങ്ങവെ, യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെടാതെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവന്നാൽ രാജ്യം നേരിടാൻ പോകുന്ന ഭവിഷ്യത്തുകൾ തുറന്നുകാട്ടി പ്രചാരണം നടത്തുകയാണ് മന്ത്രിമാർ. അത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നാൽ ജനങ്ങൾ എന്തൊക്കെ മുൻകരുതലുകളെടുക്കണ് അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതനുസരിച്ചുള്ള മാർഗനിർദേശങ്ങൾ വിവിധ വകുപ്പുകൾ പുറത്തുവിടുമെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

പാർലമെന്റിൽ ബ്രെക്‌സിറ്റ് വോട്ടെടുപ്പ് നടക്കാൻ ഇനി രണ്ടാഴ്ച പോലുമില്ല. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാറിനോട് ഭരണകക്ഷിയിൽത്തന്നെ വലിയൊരു വിഭാഗത്തിന് എതിർപ്പുള്ളതിനാൽ, വോട്ടെടുപ്പിൽ തെരേസ വിജയിക്കുമോയെന്നും ഉറപ്പില്ല. പാർലമെന്റ് കരാർ തള്ളുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി പുതിയൊരു കരാറിൽ ഏർപ്പെടാൻ സാധ്യതയുമില്ല. അത്തരമൊരു സാഹചര്യത്തിൽ മാർച്ച് 29-ന് കരാറൊന്നുമില്ലാതെ ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകേണ്ടിവരും.

നോ ഡീൽ ബ്രെക്‌സിറ്റാണെങ്കിൽ അത് വലിയതോതിലുള്ള ഭവിഷ്യത്തുകൾ തുടക്കത്തിലുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെന്തൊക്കെയാണെന്നും ്അതനുസരിച്ച് എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവിധ വകുപ്പുകൾ പുറത്തിറക്കുന്ന ലഘുലേഖകൾക്ക് പുറമെ, റേഡിയോയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണവും നടത്തും.

ജനുവരി 14-ന് തുടങ്ങുന്ന ആഴ്ചയിൽ പാർലമെന്റിൽ ബ്രെക്‌സിറ്റ് ബിൽ ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് കരുതുന്നത്. അതിനുമുന്നെതന്നെ നോ ഡീൽ പ്രചാരണത്തിന് തുടക്കമാകും. കരാറില്ലാതെ ബ്രിട്ടൻ പുറത്തുപോവുകയാണെങ്കിൽ, മരുന്നുക്ഷാമമുൾപ്പെടെ ജനങ്ങളെ നേരിട്ടുബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുടലെടുത്തേക്കാം എന്നാണ് കരുതുന്നത്. വിമാനങ്ങൾ റദ്ദാക്കപ്പെടാനും പൗണ്ടുവില കൂപ്പുകുത്താനും ഇടയുണ്ട്. നോ ഡീൽ കരാറുണ്ടാക്കുന്ന നിയമപ്രശ്‌നങ്ങൾ കാരണം പാസ്‌പോർട്ട് പുതുക്കൽ പോലുള്ള കാര്യങ്ങൾ തടസ്സപ്പെടാനിടയുണ്ട്. അതുകൊണ്ട് മാർച്ച് ഒടുവിൽ പാസ്‌പോർട്ട് തീരുന്നവരോട് അതിന് മുന്നെതന്നെ പാസ്‌പോർട്ട് പൂർത്തിയാക്കൽ നടത്താനും നിർദേശമുണ്ട്.

കരാറില്ലാതെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ മാരകമായിരിക്കുമെന്ന് എൻവയൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. കൃഷിക്കാരിലാകും അത് കൂടുതൽ ബാധിക്കുക. നോ ഡീൽ സാഹചര്യത്തിൽനിന്ന് ബ്രിട്ടൻ മുക്തമാവുകയും ശക്തിപ്രാപിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും കുറച്ചുകാലത്തേക്ക് ചില തടസ്സങ്ങൾ നേരിടാനിടയുണ്ട്. ചെറുകിട കർഷകരെയും ചെറുകിട ഭക്ഷ്യോത്പാദകരെയും നോ ഡീൽ ആദ്യഘട്ടത്തിൽ ഗുരുതമായി ബാധിക്കുകയെന്ന് ഗോവ് പറഞ്ഞു.

നോ ഡീൽ സാഹചര്യം നേരിടാൻ രാജ്യത്തെ ഒരുക്കുകയും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുകയുമാണ് ഇപ്പോൾ സർക്കാർ ഊന്നൽ കൊടുക്കുന്ന കാര്യങ്ങൾ. ഐറിഷ് അതിർത്തിയുൾപ്പെടെ തർക്കവിഷയങ്ങളിൽ ബ്രിട്ടന് അനുകൂലമായൊരു നിലപാട് യൂറോപ്യൻ യൂണിയനിൽനിന്ന് ഇനിയുണ്ടാകുമെന്ന പ്രതീക്ഷ തെരേസ മെയ്‌‌ക്കോ മന്ത്രിമാർക്കോ ഇല്ലെന്നതാണ് വാസ്തവം.