ഹോങ്കോങ്: പതിനൊന്ന് ലക്ഷം രൂപ വിലവരുന്ന ബിസിനസ് ക്ലാസ് വിമാനടിക്കറ്റ് വിറ്റത് വെറും 47,000 രൂപയ്ക്ക്. വിൽപനയിലെ അമളി തിരിച്ചറിഞ്ഞതോടെ സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെയന്നും ഉടൻ അറിയിക്കാമെന്നും പറഞ്ഞ് കമ്പനി തടി തപ്പി. ഹോങ്കോങ്ങിലെ കാത്തേയ് പസഫിക്ക് എയർവേയ്‌സ് ലിമിറ്റഡ് കമ്പനിക്കാണ് ടിക്കറ്റ് വിൽപനയ്ക്കിടെ വൻ അമളി പറ്റിയത്. മുന്തിയ ടിക്കറ്റ് വെറും ഇക്കണോമി ക്ലാസിന്റെ വിലയ്ക്ക് താഴെ എങ്ങനെ വിറ്റുപോയി എന്ന സംശയത്തിലാണ് ആളുകൾ.

ഓഗസ്റ്റ് മാസത്തിൽ വിയറ്റ്നാമിൽനിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനടിക്കറ്റുകൾ ഈയാഴ്ചയാദ്യമാണ് കത്തേയ് വിറ്റത്. വിയറ്റ്നാമിലെ ദാ നങ്ങിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് 675 ഡോളർ(ഏകദേശം നാൽപ്പത്തേഴായിരം രൂപ) മുതലാണ് ആരംഭിച്ചതെന്ന് ഗാരി ലെഫ് എന്ന ട്രാവൽ ആൻഡ് ലോയൽറ്റി പ്രോഗ്രാം ബ്ലോഗറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ ദാ നങ്ങിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 16000 ഡോള(11,20,240 രൂപയോളം)റാണെന്നാണ് കത്തേയുടെ വെബ്സൈറ്റിൽ പറയുന്നത്. ടിക്കറ്റ് വിൽപനയിലുണ്ടായ അബദ്ധത്തെ കുറിച്ച് കമ്പനി മനസ്സിലാക്കിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കാത്തേയ് വക്താവ് അറിയിച്ചിട്ടുണ്ട്.