ലണ്ടൻ: ലണ്ടൻ നഗരത്തെ വിറപ്പിച്ച രക്തരൂക്ഷിതമായ വർഷമാണ് കടന്നുപോയത്. 12 മാസത്തിനിടെ നഗരത്തിൽ കൊല്ലപ്പെട്ടത് 134 പേരാണ്. പത്തുവർഷത്തിനിടെ ഇത്രയേറെ അക്രമങ്ങളുണ്ടായ കാലയളവ് വേറെയില്ല. വെടിവെപ്പും കത്തിക്കുത്തും വ്യാപകമായിരുന്നു. പോയവർഷം കൊല്ലപ്പെട്ടവരിൽ 70 പേരുടെയും മരണത്തിന് കാരണമായത് കത്തിക്കുത്താണ്. മയക്കുമരുന്ന് കച്ചവടവും മറ്റ് അക്രമങ്ങളും ശീലമാക്കിയ 180-ലേറെ ഗ്യാങ്ങുകളുമായാണ് പൊലീസിന് ഇക്കൊല്ലം ഏറ്റുമുട്ടേണ്ടിവന്നത്. അക്രമത്തിന് മടിയില്ലാത്ത കുട്ടികളുടെ സംഘങ്ങൾവരെ ഇതിലുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

2008-ൽ 154 പേർ കൊല്ലപ്പെട്ടതു കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ അക്രമങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2018. കൊലപാതകങ്ങളുടെ കാര്യത്തിൽ ലോകത്തേറ്റവും മ്ുന്നിലായിരുന്നു ലണ്ടൻ. ഫെബ്രുവരിയിൽ മാത്രം 16 പേരാണ് കൊല്ലപ്പെട്ടത്. ആ സമയത്ത് ന്യുയോർക്കിനെക്കാൾ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തത് ലണ്ടനിലായിരുന്നു. ഫെബ്രുവരിയിൽ ന്യുയോർക്കിൽ കൊല്ലപ്പെട്ടത് 11 പേരാണ്. മാർച്ചിൽ 21 പേരും കൊല്ലപ്പെട്ടു.

2017-ലെ പുതുവത്സരാഘോഷത്തിനിടെ തുടങ്ങിയതാണ് പോയവർഷത്തെ അക്രമങ്ങൾ. പാതിരാവിലെ ആഘോഷങ്ങൾക്കിടെ നാലുപേരാണ് നഗരത്തിൽ കുത്തേറ്റ് മരിചച്ചത്. ഇന്നലെ രാവിലെ പടിഞ്ഞാറൻ ലണ്ടനിലെ ഹാമേഴ്‌സ്മിത്തിൽ ഒരാളെ കുത്തിക്കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഒരു കടയിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ഈ കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് 39 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

മിക്ക ദിവസങ്ങളിലും കൊലപാകതമോ വധശ്രമമോ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു കടന്നുപോയത്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 10 വരെയുള്ള 16 ദിവസമാണ് കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന കഴിഞ്ഞവർഷത്തെ ഏറ്റവും ദീർഘമായ കാലയളവ്. ഗ്രീൻവിച്ച്, സൗത്ത്‌വാക്ക് എന്നീ ബോറോകളിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ രണ്ടിടത്തും ഒ്മ്പതുപേർ വീതം കൊലപാതകത്തിന് ഇരയായി. ഹാരിംഗെ, ഹാക്ക്‌നി, ലാംബെത്ത് എന്നിവിടങ്ങളിൽ എട്ടുപേർ വീതം കൊല്ലപ്പെട്ടു. വെസ്റ്റ്് ഹാം ഫോറസ്റ്റിൽ ഏഴുപേരും കാംഡെൻ, ഇസ്ലിങ്ഡൺ, എന്നിവിടങ്ങളിൽ ആറുപേർ വീതവും മരിച്ചു.

2008-നുശേഷം ലണ്ടനിലെ കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിരുന്നു. 2008-ൽ 154 പേർ മരിച്ച സ്ഥാനത്ത് 2014-ലെത്തിയപ്പോൾ ഇരകളുടെ എണ്ണം 94 ആയി കുറഞ്ഞു. എന്നാൽ, പിന്നീട് ഈ സംഖ്യയിൽ ഓരോവർഷവും വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.