മൂന്നുവർഷത്തിനുശേഷം ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ, അവിടെയെത്തുന്ന കളിപ്രേമികൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുക അൽപം മദ്യത്തിനുവേണ്ടിയാകുമെന്ന് ഉറപ്പ്. മദ്യത്തിനുമേൽ 100 ശതമാനം നികുതിയേർപ്പെടുത്തുകയും അതിന്റെ ലഭ്യത കുറയ്ക്കുകയും ചെയ്തതോടെയാണിത്. ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾക്ക് ലെവിയേർപ്പെടുത്തുമെന്ന് അടുത്തിടെ ഖത്തർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ നടപടി.

ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഖത്തറിലെ ഏക മദ്യവിതരണ സ്ഥാപനം. ഇതിലൂടെ വിൽക്കുന്ന എല്ലാത്തരം മദ്യങ്ങൾക്കും വിലവർധിപ്പിച്ചതായി അറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം ഷോപ്പുകളുടെ എണ്ണം വലിയതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ, ശേഷിക്കുന്ന ഷോപ്പുകൾക്കുമുന്നിൽ കേരളത്തിലെ ബിവറേജ് ഷോപ്പുകൾക്കുമുന്നിലുള്ളതിനെക്കാൾ നീണ്ട ക്യൂ കാണപ്പെട്ടുതുടങ്ങി. നീണ്ടനിരകളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഖത്തറിലെ സംസാരവിഷയം.

ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി പുറത്തിറക്കിയ മദ്യവിലയുടെ പട്ടികയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ മദ്യത്തിന്റെ വില ഇരട്ടിയോളം വർധിപ്പിച്ചതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. ജനുവരി ഒന്നുമുതലാണ് പുതിയ വില നിലവിൽ വന്നത്. പുതുക്കിയ വിലയനുസരിച്ച് 330 എം.എൽ ഹെനിക്കൻ ബിയറിന് 7300 രൂപയാണ് വില.

പെർമിറ്റുള്ളവർക്ക് മദ്യം വാങ്ങാൻ അനുമതിയുള്ള രാജ്യമാണ് ഖത്തർ. ലൈസൻസുള്ള ബാറുകളിലും ക്ലബ്ബുകളിലും ഹോട്ടലുകളിലും മദ്യവിൽപനയും നടത്താം. പൊതുസ്ഥലത്തെ മദ്യപാനത്തിനുമാത്രമാണ് വിലക്ക. ലോകകപ്പിന് എത്തുന്ന ആരാധകർക്ക് മദ്യം സുലഭമായി ലഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മദ്യം വാങ്ങാൻ ആർക്കുസാധിക്കുമെന്ന ചോദ്യം ശേഷിക്കുന്നു.