ദോഹ : രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ സെന്റ്ർ തുറന്ന് ഖത്തർ. മിസൈമീറിലെ ഏഷ്യൻ ടൗണിലാണ് കൂറ്റൻ വാക്സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഖത്തറിലെ ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാർക്കു വേണ്ടിയാണ് അത്യാധുനിക സൗകര്യങ്ങളോടെ വാക്‌സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷം ചതുരശ്രമീറ്ററിൽ ഒരുക്കിയിരിക്കുന്ന ഈ വാക്‌സിനേഷൻ സെന്ററിൽ 300 ലേറെ വാക്‌സിനേഷൻ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. ദിവസവും 25,000 ലേറെ ഡോസ് വാക്‌സിനുകൾ ഇവിടെ നിന്ന് നൽകാനാവുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികൾ ഖത്തറിൽ ഇതിനകം വാക്‌സിനെടുത്തിട്ടുണ്ട്. രാജ്യത്ത് ജോലി ചെയ്യുന്ന കൂടുതൽ തൊഴിലാളികൾക്ക് എത്രയും വേഗം വാക്‌സിൻ നല്കുകയെന്ന ലക്ഷ്യത്തോടെയാണ് വാക്‌സിൻ കേന്ദ്രം നിർമ്മിച്ചിരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.