മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ നഗ്‌നയായി ആഘോഷിക്കുവാൻ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ താൻ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച് പൂനം വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സമാനമായ പ്രഖ്യാപനത്തിനാണ് താരം ഇപ്പോഴും ശ്രമിക്കുന്നത്.

ക്രിക്കറ്റ് വീണ്ടും സജീവമായി തുടങ്ങിയെന്നത് താൻ അറിഞ്ഞില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂനം പറഞ്ഞു. 'ഇന്ത്യ വിജയിക്കുകയാണെങ്കിൽ നഗ്‌നയാവുമെന്ന് വീണ്ടും പ്രഖ്യാപനം നടത്തണോ?,' എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഏതായാലും ക്രിക്കറ്റ് ആരാധകർക്ക് വേണ്ടിയാണ് പൂനം പുതിയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്. വിവാദത്തിന് വഴിയുണ്ടോയെന്നാണ് താൻ ആലോചിക്കുന്നതെന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിൽ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 130 റൺസ് എന്ന നിലയിലാണ്. ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് നിലവിൽ 92 റൺസിന്റെ ലീഡാണുള്ളത്.

ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ഇന്ന് പുറത്തായത്. 29 പന്തിൽ 13 റൺസെടുത്ത കോലി വീണ്ടും കെയ്ൽ ജമെയ്‌സണ് മുന്നിൽ വീഴുകയായിരുന്നു. 80 പന്തിൽ നിന്ന് 15 റൺസാണ് പൂജാരയ്ക്ക് നേടാനായത്. ജമെയ്‌സൺ തന്നെയാണ് ടെയ്‌ലറു?ടെ കൈയിലെത്തിച്ച് മടക്കിയത്. പൂജാര മടങ്ങുമ്പോൾ ടീം സ്‌കോർ 72 ആണ്. പിന്നീട് അജിങ്ക്യ രഹാനെയെ ബൗൾഡ് മടക്കി. 40 പന്തിൽ നിന്നുള്ള 15 റൺസായിരുന്നു രഹാനെയുടെ സംഭാവന. അഞ്ചാം വിക്കറ്റ് വീഴുമ്പോൾ 109 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ.

രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയേയും ശുഭ്മാൻ ഗില്ലിനേയും അഞ്ചാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. ശുഭ്മാൻ എട്ടു റൺസും രോഹിത് 30 റൺസുമെടുത്തു. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 217 റൺസിനെതിരേ ന്യൂസീലൻഡ് 249 റൺസിന് പുറത്തായിരുന്നു. 32 റൺസിന്റെ ലീഡും കിവീസ് സ്വന്തമാക്കിയിരുന്നു.