ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലർച്ചയോടെ പശ്ചിമബംഗാൾ-വടക്കൻ ഒഡീഷ തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇതോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രതാ മുന്നറിയിപ്പ് നിർദേശമാണ് നൽകിയിരിക്കുന്നത്. ഒഡീഷയിലെ ബാലസോറിന് സമീപം അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങൾ സുരക്ഷ മുന്നൊരുക്കങ്ങൾ കടുപ്പിച്ചു. യാസ് ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും പരക്കെ മഴ ലഭിച്ചേക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.യാസ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 170 മുതൽ 185 കിലോമീറ്റർ വരെ വേഗതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

കരയിൽ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.ഒഡീഷ, ബംഗാൾ , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായും ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. പൂരി, ജഗൽസിംഗപുർ കട്ടക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

കോവിഡ് അതിതീവ്ര വ്യാപനത്തിനെതിരെ രാജ്യമൊട്ടാകെ പോരാട്ടം തുടരുന്നതിനിടെ, പത്തുദിവസത്തിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഒന്നാമത്തെ ചുഴലിക്കാറ്റായ ടൗട്ടേ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ വലിയ നാശനഷ്ടമാണ് വരുത്തിയത്. സമാനമായ അപകടസാധ്യതകൾ മുന്നിൽ കണ്ട് കരുതൽ നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ് പശ്ചിമംബംഗാൾ, ഒഡീഷ തീരങ്ങളിൽ.

പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് ഈ സംസ്ഥാനങ്ങൾ. ദുരന്തനിവാരണ സേനയെ അടക്കം വിന്യസിച്ച് സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നാലുമീറ്റർ വരെ ഉയരത്തിൽ തിരമാല തീരത്ത് ആഞ്ഞുവീശുമെന്നാണ് പ്രവചനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും മറ്റും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരുന്നു. കോവിഡ് ചികിത്സയെയും വാക്സിനേഷനെയും ഒരു വിധത്തിൽ ബാധിക്കാത്തവിധത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നതാണ് നിർദ്ദേശം. കടൽത്തീരത്തുള്ള പോർട്ടുകൾക്കും റിഫൈനറികൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.