മലപ്പുറം: മന്ത്രി കെ. ടി. ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എന്നിട്ടും പ്രതിഷേധം തണുത്തില്ല. ഇതോടെ പൊലീസ് ലാത്തിവീശി. യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി റംഷാദ്, റിയാസ് ആനക്കയം, ഫെസൽ, ജാഫർ കൊണ്ടോട്ടി എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണിനും തലക്കുമായി പരിക്കേറ്റ ഇവരെ വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു.. ലാത്തിചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി കെ ഹാരിസ്, നൗഫൽ ബാബു, പി നിധീഷ്, കെപിസിസി മെമ്പർ പി ഇഫ്തികാറുദ്ധീൻ, സിദ്ധീഖ് പന്താവൂർ, രതീഷ് കൃഷ്ണ, സഫീർ ജാൻ, സുനിൽ പോരൂർ,മുഹമ്മദ് ഇസ്ലാഹ്, റാഷിദ്,ലത്തീഫ് കൂട്ടാലുങ്ങൽ, ഫർഹാൻ , മഹേഷ് കൂട്ടിലങ്ങാടി എന്നിവരെ മലപ്പുറം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

അതേ സമയം എൻ.ഐ.എയും എൻഫോയ്മെന്റും ചോദ്യം ചെയ്ത ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാട് ടൗണിലാണ് ഉപരോധ സമരം നടന്നത്. രാവിലെ പത്ത് മണിയോടെ കോഴിക്കോട് റോഡിൽ നിന്നും ആരംഭിച്ച പ്രകടനം കക്കാട് ടൗൺ ചുറ്റിയ ശേഷം പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയായിരുന്നു. ഇതോടെ റോഡിൽ ഗതാഗതം സ്തംഭിച്ചു. തിരൂരങ്ങാടി, തേഞ്ഞിപ്പലം, പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയിരുന്നു. സമരം മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് പി. അലി അക്‌ബർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തെന്നല പഞ്ചായത്ത് പ്രസിഡന്റ് എംപി. കുഞ്ഞിമൊയ്തീൻ, നഗരസഭ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി, ഷരീഫ് വടക്കയിൽ, മണ്ഡലം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി യു.എ റസാഖ്, ട്രഷറർ അനീസ് കൂരിയാടൻ, സി.കെ. മുനീർ എന്നിവർ സംസാരിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനത്തിന് പി.ടി സലാഹു, അസീസ് ഉള്ളണം, റിയാസ് തോട്ടുങ്ങൽ, നവാസ് ചെറംമഗലം, യു. ഷാഫി, പി.പി അഫ്സൽ, മുസ്തഫ കളത്തിങ്ങൽ, കെ മുഈനുൽ ഇസ്ലാം, ഷാഹുൽ പരപ്പനങ്ങാടി, ആസിഫ് പാട്ടശ്ശേരി, കെ.കെ റഹീം, ശിഹാബ് മാതോളി, മച്ചിങ്ങൽ നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി