ബെംഗളൂരു: കർണാടകയിൽ സർക്കാർ കാലാവധി പൂർത്തിയാവുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് ബിഎസ് യെദ്യൂരപ്പ തുടരുമെന്ന് ബിജെപി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ. യെദ്യൂരപ്പയെ മാറ്റി നിർത്താനുള്ള ചർച്ചകൾ ഉണ്ടായിട്ടില്ല. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചറിയിച്ചതാണ്. അതിൽ മാറ്റമുണ്ടാവില്ലെന്നും നളിൻ കുമാർ കട്ടിൽ പ്രതികരിച്ചു.

യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലേയറ്റത് മുതൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകളും ആരംഭിച്ചിരുന്നു. അദ്ദേഹം ഇതിനോടകം രണ്ട് വർഷം പൂർത്തിയാക്കി. ബാക്കിയുള്ള കാലയളവും അദ്ദേഹം പൂർത്തിയാക്കും. അതിൽ മാറ്റമില്ല. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യേണ്ടത് എല്ലാ നിയമസഭാംഗങ്ങളുടേയും ഉത്തരവാദിത്വമാണ്. ഈ രീതിയിൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റാൻ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും മന്ത്രിമാരും ഇതിനുള്ള നീക്കം ആരംഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ടൂറിസം മന്ത്രി സി.പി.യോഗേശ്വർ, ഹുബ്ബള്ളി-ധാർവാഡ് (വെസ്റ്റ്) എംഎ‍ൽഎ. അരവിന്ദ് ബെല്ലാഡ് എന്നിവർ കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയിരുന്നു. ഇതോടെ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.

സംസ്ഥാനത്ത് ലോക്ഡൗൺ അവസാനിക്കുന്ന ജൂൺ ഏഴിനുശേഷം നിയമ സഭാ കക്ഷിയോഗം വിളിക്കാൻ കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായും വാർത്തയുണ്ട്. എന്നാൽ ഈ വാർത്തകൾ നളിൻ കുമാർ തള്ളിക്കളഞ്ഞു.

യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. അടുത്തിടെ, യെദ്യൂരപ്പയെ മാറ്റാൻ ആഗ്രഹിക്കുന്ന എംഎ‍ൽഎ.മാർ ബെംഗളൂരുവിലും ഹുബ്ബള്ളിയിലും ഒത്തുചേർന്നിരുന്നു. 2023 വരെയാണ് യെദ്യൂരപ്പ സർക്കാരിന്റെ കാലാവധി.