സന:യമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തന്ത്രപ്രധാന മാരിബിലും പരിസരത്തും രണ്ട് ദിവസത്തിനിടെ ഇരുനൂറോളം മരണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹൂതി വിമതരാണെന്നാണ് റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.എണ്ണ സമ്പന്നമായ മാരിബ് പിടിച്ചെടുക്കാൻ ഹൂതികൾ വർഷങ്ങളായി ശ്രമിച്ചുവരികയാണ്.

കൂടുതൽ പ്രദേശങ്ങളിൽ ഹൂതികൾ കടന്നുകയറിയതോടെ ആഴ്ചകളിലായി പോരാട്ടം ശക്തമായി. സൗദി അറേബ്യക്കെതിരായ അതിർത്തി കടന്നുള്ള ആക്രമണങ്ങളും ഹൂതികൾ വർധിപ്പിച്ചിട്ടുണ്ട്.

ഹൂതികൾക്കെതിരെ കഴിഞ്ഞ മാസം യമൻ നടത്തിയ ആക്രമണത്തിൽ 38 വിമതർ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര യുദ്ധത്തിനൊപ്പം കോവിഡ് പ്രതിസന്ധിയും രൂക്ഷമായ യമനിൽ ദശലക്ഷക്കണക്കിനാളുകൾ ഭക്ഷണംകിട്ടാത്ത സ്ഥിതിയിലാണ്.