ലക്‌നൗ: ഗ്രീക്ക് ഭരണാധിപനായ അലക്സാണ്ടറിനെ മഹാനെന്ന് വാഴ്‌ത്തുന്നതിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലക്‌സാണ്ടറെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി ചന്ദ്രഗുപ്ത മൗര്യയെ മഹാനായി വാഴ്‌ത്തുന്നില്ലെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ലക്‌നൗവിൽ നടന്ന 'സാമാജിക് പ്രതിനിധി സമ്മേളന'ത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ചരിത്രം എത്ര വികലമാണെന്ന് യോഗി ചൂണ്ടിക്കാട്ടിയത്.

ചരിത്രകാരന്മാർ ഇക്കാര്യത്തിൽ മൗനം പാലിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ചന്ദ്രഗുപ്ത മൗര്യൻ അലക്‌സാണ്ടറിന്റെ മരണശേഷം, ഗ്രീക്ക് ചക്രവർത്തി ഭരിച്ചിരുന്ന പ്രദേശങ്ങൾ ഏറ്റെടുത്തതായും യു പി മുഖ്യമന്ത്രി അവകാശപ്പെട്ടു.അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ 2500 വർഷം പഴക്കമുള്ള ബുദ്ധന്റെ പ്രതിമ ഇരുപത് വർഷം മുൻപ് തകർത്ത താലിബാന്റെ ക്രൂരതകളെ കുറിച്ചും യോഗി സമ്മേളനത്തിൽ പ്രസംഗിച്ചു.

ബുദ്ധൻ ഒരിക്കലും ലോകത്തിന്മേൽ യുദ്ധം അടിച്ചേൽപ്പിച്ചിട്ടില്ല, എന്നും മാനവികതയ്ക്ക് പ്രചോദനവും ഭക്തിയുടെ കേന്ദ്രവുമായിരുന്നു. ലോകസമാധാനത്തിനായി നിലകൊള്ളുന്നയാരും ബുദ്ധപ്രതിമ തകർത്ത താലിബാൻ പ്രവൃത്തി മറക്കരുതെന്നും യു പി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ സമുദായത്തിലുള്ള ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി യു പിയിൽ 27 സമാജിക് സമ്മേളനങ്ങളാണ് യോഗിയുടെ നേതൃത്വത്തിൽ നടക്കുന്നത്. 403 സീറ്റുകളുള്ള യുപി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലാണ് നടക്കുന്നത്.