ലഖ്നൗ: ഉത്തർപ്രദേശിൽ 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കു വേണ്ടി അയോധ്യ സീറ്റ് വീട്ടുനൽകാൻ താൻ തയ്യാറാണെന്ന് സിറ്റിങ് എംഎൽഎ വേദ് പ്രകാശ് ഗുപ്ത ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. യോഗി അയോധ്യയിൽനിന്ന് മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രി മത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് അയോധ്യ. എന്നാൽ, ഓരോരുത്തരും എവിടെ മത്സരിക്കണം എന്നകാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. യോഗി അയോധ്യയിൽനിന്ന് മത്സരിച്ചാൽ അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തും. യുപിയിൽ ബിജെപി വീണ്ടും സർക്കാർ രൂപവത്കരിക്കുക തന്നെ ചെയ്യും' - വേദ് പ്രകാശ് ഗുപ്ത പറഞ്ഞു.

യോഗിയുടെ നീക്കത്തെ വിമർശിച്ച് കോൺഗ്രസും സമാജ്വാദി പാർട്ടിയും രംഗത്തെത്തി. യോഗി അയോധ്യയിൽനിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കഴിഞ്ഞ നാലുവർഷം മണ്ഡലത്തിനുവേണ്ടി എന്തുചെയ്തുവെന്ന് വിശദീകരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ എത്രപേർക്ക് തൊഴിൽ ലഭിച്ചു. മണ്ഡലത്തിലെ എത്രഗ്രാമങ്ങളിൽ ശുദ്ധജലം ലഭ്യമാണ്. സ്ത്രീകൾക്ക് എതിരായ എത്ര അതിക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഓരോ ഗ്രാമത്തിലും കോവിഡ് ബാധിച്ച് എത്രപേർ മരിച്ചു - കോൺഗ്രസ് വക്താവ് ചോദിച്ചു. വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണ് യോഗി നടത്തുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ മുഖസ്തുതി അവസാനിപ്പിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

2017 മുതൽ സർക്കാരിന്റെ പിടിപ്പുകേട് ജനങ്ങൾ കാണുന്നതാണെന്ന് സമാജ്വാദി പാർട്ടി വക്താവ് ജൂഹി സിങ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. തൊഴിലില്ലായ്മ വർധിച്ചു. ബലാത്സംഗങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കണം. ആർക്കും ആത് മണ്ഡലത്തിൽനിന്നും ജനവിധി തേടാം. പക്ഷെ ഈ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകേണ്ടി വരുമെന്നും ജൂഹി സിങ് പറഞ്ഞു.