തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത യൂത്ത്‌കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന് ഐക്യദാർഢ്യമറിയിച്ച് വ്യാപക ക്യാംപെയ്നുകളുമായി യൂത്ത്‌കോൺഗ്രസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്ഐവൈസിയുടെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. ഓക്സിജൻ എത്തിച്ചുനൽകിയ ശ്രീനിവാസിനോട് സാമ്പത്തിക സോഴ്സ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് ഞങ്ങളാണ് സോഴ്സ് എന്ന മുദ്രാവാക്യമുയർത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ൻ.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎൽഎയുമായ ഷാഫി പറമ്പിൽ, നേതാക്കളായ വീണ എസ് നായർ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ ക്യാംപെയ്നിൽ പങ്കാളികളായി.

ക്യാംപെയ്നിനെക്കുറിച്ചുള്ള ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്‌ക്രിയരായപ്പോൾ, ഓക്‌സിജൻ സിലിണ്ടറുകമായി നാടിന് ശ്വാസമായവനാണ് ആഢ ശ്രീനിവാസ്. അയാൾ സാധാരണക്കാരനു പകർന്ന് നല്കുന്ന ഭക്ഷണത്തിന്റെയും, മരുന്നിന്റെയും ''സോഴ്‌സ് ' അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്.അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്‌സ്.

ബി വി ശ്രീനിവാസ് നേതൃത്വം നൽകുന്ന #SOSIYC ക്ക് നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പൊലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാവുക. ''ഞങ്ങളാണ് സോഴ്‌സ്''#108 രൂപ നൽകി നമ്മുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാം.


അതേസമയം, ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു. പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി.

ട്വിറ്ററിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യർത്ഥിക്കുന്നത്. അതിൽ നിന്ന് 20000-ൽ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി സഹായിച്ചിട്ടുണ്ടെന്നാണ് ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസിന്റെ അവകാശവാദം. കോവിഡ് രോഗികൾക്കാവശ്യമുള്ള ആശുപത്രി കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, മരുന്നുകൾ എന്നീ ആവശ്യങ്ങൾ എത്തിച്ചു നൽകുകയാണ് ഇവരുടെ പ്രവർത്തനം.