ചങ്ങനാശേരി: സഹോദരനും സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. പുഴവാതുകൊട്ടാരച്ചിറ പരേതനായ ഷാജിയുടെയും സതിയുടെയും മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള വാര്യത്ത് കുളത്തിലായിരുന്നു സംഭവം. കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്.

ഹോർട്ടികോർപ് ജീവനക്കാരൻ ആയിരുന്നു. എഐവൈഎഫ് മുൻ മണ്ഡലം സെക്രട്ടറി ആയിരുന്നു. സിപിഐ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, എഐടിയുസി ഹോർട്ടി കോർപ് യൂണിയൻ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. സഹോദരൻ കണ്ണനും സുഹൃത്തുക്കൾക്കും ഒപ്പമാണ് വിഷ്ണു എത്തിയത്. മൃതദേഹം തുരുത്തിയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പ്രീതി, മകൾ: ദക്ഷ. ഐശ്വര്യ സഹോദരിയാണ്.