ദോഹ: കോവിഡ്19 ബാധിച്ച് ഗൾഫിൽ മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്ക് ഖത്തർ യൂത്ത് ഫോറത്തിന്റെ കൈത്താങ്ങ്. കോവിഡ് ബാധിച്ച് മരിച്ച നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വേണ്ടി കേരളത്തിലെ പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകൾ നിർമ്മിക്കാനാവശ്യമായ ധനസഹായം യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലിക്ക് കൈമാറി.

നിരാലംബരെ ചേർത്ത് പിടിക്കുക എന്നത് യൂത്ത് ഫോറത്തിന്റെ പ്രഥമ പരിഗണനകളിൽ പെട്ടതാണെന്നും കഴിഞ്ഞ 4 വർഷമായി പശ്ചിമ ബംഗാളിലെ ചപ്ര ഗ്രാമം ഏറ്റെടുത്ത് വ്യത്യസ്ത പദ്ധതികൾ പൂർത്തീകരിച്ചു വരുകയാണെന്നും കോഴിക്കോട് പീപ്പിൾ ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് ഫോറം പ്രസിഡന്റ് പറഞ്ഞു.

വീടെന്ന സ്വപ്നം സഫലമാക്കാനാവാതെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി, സ്വന്തമായി ഭൂമിയില്ലാത്തവർക്ക് അഞ്ച് സെന്റ് ഭൂമി, വരുമാന മാർഗമില്ലാത്തവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, അർഹരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ് എന്നിവയാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്.

യൂത്ത്‌ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ.ഷമീർ, ഫലാഹ് അഹ്മദ്, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൾ മജീദ്, ബോർഡ് അംഗം പിസി ബഷീർ, സാദിഖ് ഉളിയിൽ എന്നവർ പങ്കെടുത്തു.