ദോഹ : പ്രവാചക ഓർമ്മകളിലൂടെ പാട്ടും പറച്ചിലുമായി നബിയോരം നവ്യാനുഭവമായി. ഓട്ടോ ഫാസ്റ്റ്ട്രാക്ക് ട്രേഡിങ്ങിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം ഖത്തർ അണിയിച്ചൊരുക്കിയ പരിപാടി യൂത്ത്‌ഫോറം ഫേസ്‌ബുക്ക് പേജ് തത്സമയ സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതിനോടകം തന്നെ ഏഴായിരത്തോളം ആളുകൾ വീക്ഷിച്ച പരിപാടി യൂത്ത്‌ഫോറം ഖത്തറിന്റെ ഫേസ്‌ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടന പ്രഭാഷണം നടത്തി. പ്രവാചക ജീവിതം എല്ലാ കാലത്തും ജീവിക്കുന്നവർക്ക് മാതൃകയാണെനും അത് ഒരു ദിവസത്തെ മാത്രം ഓർമ്മയിൽ നിറഞ്ഞു നിൽക്കേണ്ട ഒന്നല്ല എന്നും അദ്ദേഹം ഉണർത്തി. ഇസ്ലാം എന്നത് മൂല്യങ്ങളാണ്, ആ മൂല്യങ്ങളെയാണ് പ്രവാചകൻ തന്റെ ജീവിതത്തിൽ പഠിപ്പിച്ചത്. ആ ജീവിതമാണ് നമുക്ക് മാതൃക ആവേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചക ജീവിതത്തിന്റെ മഹനീയ മാതൃകയും പ്രവാചക ചരിത്രത്തിൽ നിന്ന് നമ്മൾ ഉൾക്കൊള്ളേണ്ട പാഠങ്ങളും ചരിത്രങ്ങളും പങ്കു വെച്ചു കൊണ്ട് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്,പാളയം ഇമാം വി.പി ശുഹൈബ് മൗലവി, പാടും പാതിരി എന്ന പേരിൽ പ്രശസ്തനായ ഫാദർ പോൾ പൂവത്തിങ്കൽ, പ്രമുഖ പണ്ഡിതനും ജംഇയത്തുൽ ഉലമ ഹിന്ദ് കേരളാ ഘടകം ജനറൽ സെക്രട്ടറിയുമായ അലിയാർ ഖാസിമി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി.ടി ശുഹൈബ് എന്നിവർ സംസാരിച്ചു. ഫാദർ പോൾ പൂവത്തിങ്കൽ ആലപിച്ച പ്രവാചകരെ കുറിച്ചുള്ള ഗാനം ശ്രദ്ധ നേടി.

യുവ ഗായകരിൽ പ്രശസ്തനായ ഇർഫാൻ എരൂത്, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ യുവ ഗായിക ഇശ്ഖ് റൂഹി, പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ഗഫൂർ എം ഖയ്യാം, ദോഹയുടെ ഗായകൻ സക്കീർ സരിഗ എന്നിവർ പ്രവാചക സ്മരണകൾ ഉണർത്തുന്ന ഗാനങ്ങൾ ആലപിച്ചു. യൂത്ത് ഫോറംഖത്തർ പ്രസിഡന്റ് എസ്.എസ്.മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കെട്ടിലും മട്ടിലും പുതുമ നിറഞ്ഞ അനുഭവമായി