'മിന്നൽ മുരളി' റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുതിയ പ്രൊമോ പുറത്ത് വിട്ട് നെറ്റ്ഫ്ളിക്സ്. ഇത്തവണ മിന്നൽ മുരളിയുടെ വേഗം ടെസ്റ്റ് ചെയ്യാനായി എത്തിയിരിക്കുന്നത് സാക്ഷാൽ യുവരാജ് സിംഗാണ്. കത്തിയും പഴങ്ങളും എറിയുന്ന യുരാജിന് അവ ജ്യൂസാക്കി നൽകിയാണ് മുരളി മറുപടി നൽകുന്നത്.

അതിനു ശേഷം യുവിയുടെ ട്രേഡ് മാർക്കായ ആറ് ബോളിൽ ആറ് സിക്സടിക്കനുള്ള വെല്ലുവിളിയാണ് മുരളിക്ക് നൽകുന്നത്. ഒരു കണ്ടീഷൻ, ബോളിംഗും ബാറ്റിംഗും മുരളി തന്നെ ചെയ്യണം. ആദ്യം ഒന്നു മടിച്ച മുരളിയെ യുവി പരിഹസിക്കുമ്പോൾ വെല്ലുവിളി ഏറ്റെടുക്കുന്നു. ബോൾ എറിഞ്ഞതിന് ശേഷം ബാറ്റിംഗിനായി നിമിഷനേരം കൊണ്ടു പായുന്ന മുരളി അടിച്ചു വിട്ട ബോൾ ക്യാച്ച് ചെയ്യാനായി അയൽ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമാണ് പായുന്നത്.

സ്പീഡ് ടെസ്റ്റും പാസായതിനു ശേഷവും പരിഭ്രമിക്കുന്ന മുരളിയോട് അവൻ വരുമ്പോൾ എന്തു ചെയ്യുമെന്ന യുവരാജ് ചോദിക്കുന്നു. ഇത് കേട്ട് സംശയിച്ച് നിൽക്കുന്ന മുരളിയോട് താൻ സപോയിലേഴ്സ് പറയില്ല എന്നും യുവി കൂട്ടിച്ചേർക്കുന്നു.

നേരത്തെ യുവരാജിനൊപ്പമുള്ള ചിത്രം ബേസിൽ ജോസഫും, ടൊവിനോയും പങ്കുവെച്ചപ്പോൾ തന്നെ മിന്നൽ മുരളിയിൽ യുവരാജുണ്ടോ എന്നും പല ആരാധകരും സംശയം പങ്കുവെച്ചിരുന്നു. ഈ സംശയങ്ങൾ തീർത്തുകൊണ്ടാണ് ഇപ്പോൾ പ്രൊമോയിൽ യുവരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ ഗ്രേറ്റ് ഖാലിയെ ഉൾപ്പെടുത്തിയുള്ള പ്രൊമോയും വലിയ ശ്രദ്ധയാണ് നേടിയത്. ബിഗ് ബഡ്ജററ്റിൽ ഒരുങ്ങുന്ന മിന്നൽ മുരളി സംവിധാനം ചെയ്തത് ബേസിൽ ജോസഫാണ്. ടോവിനോ തോമസിനെ കൂടാതെ അജു വർഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.നാളെ ഉച്ചയോടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.