കോഴിക്കോട്: കത്വ , ഉന്നാവോ സഹായ ഫണ്ടിൽ യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം പാർട്ടി വിട്ടു. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കത്വ , ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമ പരിരക്ഷ ഉറപ്പു വരുത്താനുമായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്കു കൈമാറാതെ മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്കൂൾപ്പെടെ വിനിയോഗിച്ചിരിക്കുകയാണെന്ന് യൂസുഫ് പടനിലം ആരോപിക്കുന്നു.

2018 ഏപ്രിൽ 20 ന് വെള്ളിയാഴ്ച മുസ്ലിം പള്ളികളിൽ നടത്തിയ ഏകദിന ഫണ്ട് സമാഹരണത്തിനു പുറമെ വിദേശ നാടുകളിൽ നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നിരിക്കെ ഇത് സംബന്ധിച്ച് കണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ചോദ്യങ്ങൾ കൂടുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് നേതൃത്വമെന്നും യൂസുഫ് പടനിലം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ ചില യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ട്. പി കെ ഫിറോസ് നയിച്ച 2019 ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഈ ഫണ്ടിൽ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് വീട് നിർമ്മാണത്തിനായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നൽകിയ പത്ത് ലക്ഷത്തിന്റെ ചെക്ക് മടങ്ങിയിരുന്നു. ഉറുദു പത്രങ്ങളിൽ ഇത് വാർത്തയായപ്പോൾ മുഖം രക്ഷിക്കാൻ ദേശീയ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നൽകിയ അഞ്ചു ലക്ഷവും ഈ ഫണ്ടിൽ നിന്നാണ് ഉപയോഗിച്ചതെന്നാണ് അറിയുന്നത്. 2018 ൽ എന്തിന് വേണ്ടിയാണോ ഈ ഫണ്ട് സമാഹരിച്ചത് അവർക്കു മാത്രം ഇതുവരെ അഞ്ചു പൈസ പോലും നൽകിയിട്ടില്ല. മനുഷ്യത്വരഹിതമായ ക്രൂരതയാണ് നടന്നതെന്നും ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകുമെന്നും യൂസുഫ് പടനിലം വ്യക്തമാക്കി.

ദേശീയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്യുകയും ഫണ്ട് സംബന്ധിച്ച് പൂർണമായ കണക്കുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ബന്ധപ്പെട്ടവർ അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവെച്ചത്. നേതൃത്വത്തിൽ ഒരു വിഭാഗം നടത്തുന്ന അഴിമതികളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഹൈദരലി തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങളെ പാർട്ടിക്കുള്ളിൽ അവഹേളിക്കാനും ഏതു വിധേനയും ഭാരവാഹിത്വത്തിൽ നിന്നും പുകച്ചു ചാടിക്കാനുമുള്ള ശ്രമങ്ങൾ ഇക്കൂട്ടർ നടത്തുകയാണ്. ഗുജറാത്ത്, സുനാമി, റോഹിങ്ക്യൻ അഭയാർത്ഥി ഫണ്ട് തുടങ്ങി നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ തുടർച്ച തന്നെയാണ് കത്വാ, ഉന്നാവോ ഫണ്ടിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്.

ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണം നടത്തണം. ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കൾക്ക് ഫണ്ട് തട്ടിക്കാൻ കൂട്ടു നിൽക്കുന്ന മുസ്ലിം ലീഗ് പൊതു സമൂഹത്തോട് മറുപടി പറയണം. ദേശീയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ കമ്മറ്റിക്കകത്ത് ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആരോപണ വിധേയരായ സി കെ സുബൈർ, പി കെ ഫിറോസ് ഉൾപ്പെടെ യൂത്ത് ലീഗ് നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് ലീഗ് നേതൃത്വം ഇപ്പോഴും തുടരുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും യൂസുഫ് പടനിലം വ്യക്തമാക്കി.