ന്യൂഡൽഹി: ഭഗത് സിങ്ങിനെ വാരിയംകുന്നനുമായി ഉപമിച്ച കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് യുവമോർച്ച. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയുമാണ് പരാതി നൽകുക. പാർലമെന്റ്‌റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനം.

1920കളിൽ മലബാർ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ആളാണ് വാരിയംകുന്നത്ത് ഹാജിയെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയ മതഭ്രാന്തനെ വെളുപ്പിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശ്രമമെന്നും പരാതിക്കാർ പറയുന്നു. വാരിയംകുന്നനെ വെള്ളപൂശുന്നതിന് വേണ്ടി ഭഗത് സിംഗിനെ പോലുള്ള രാഷ്ട്ര പുരുഷന്മാരെ അപമാനിക്കാൻ ആർക്കും അർഹതയില്ലെന്നും സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ട് വന്ന് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം നിലപാടെടുക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും പരാതിക്കാർ അറിയിച്ചു.

വാരിയംകുന്നൻ അടക്കം മലബാർ കലാപകാരികളെ സ്വാതന്ത്ര്യസമരപട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ശുപാർശ ഐസിഎച്ച്ആറിന് ലഭിച്ചതോടെ മലബാർ കലാപത്തിനെതിരായ പോരാട്ടം കടുപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമം.