ന്യൂഡൽഹി: ദേശീയതലത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷനും സംയുക്തമായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ മലയാളിക്ക് പുരസ്‌കാരം. 

തിരുവനന്തപുരം സ്വദേശി യുവരാജ് ഗോകുൽ സംവിധാനം ചെയ്ത 'ടെൺ റുപ്പി'ക്കാണ് മത്സരവിഭാഗത്തിൽ മൂന്നാംസ്ഥാനം ലഭിച്ചത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ഭാഗമായാണ് ദേശീയതലത്തിൽ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. 'ആത്മനിർഭർ' ആയിരുന്നു മത്സര വിഷയം. 865 ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനായി എത്തിയിരുന്നത്. ഇതിൽ മത്സരിച്ചാണ് യുവരാജ് ഗോകുൽ മലയാളികളുടെ അഭിമാനമായത്. ഗോപകുമാറാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചത്. അനൂപ് ഷൈലജ കാമറയും, അനന്തു രാജൻ എഡിറ്റിങ്ങും, ശ്രുതികാന്ത് സംഗീതവും നിർവഹിച്ചു. ആതിസ് നേവ് ആണ് ശബ്ദം. സുനിൽ എസ് നായർ, കൃഷ്ണ തേജസ്വിനി (ബാല താരം) കൃഷ്ണ തന്മയി (ബാല താരം) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിജിത്ത് പോളിന്റെ 'ആം ഐ'യും ദിബോജോ സൻജീവ് തയാറാക്കിയ 'അബ് ഇന്ത്യ ബനേഗ ഭാരത്' യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ ട്വിറ്ററിലൂടെ മന്ത്രി പ്രകാശ് ജാവദേക്കർ അഭിനന്ദിച്ചു. പരിപാടി വിജയിപ്പിക്കാൻ സഹായിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും മന്ത്രി നന്ദി പറഞ്ഞു.