മുംബൈ: അടുത്ത വർഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ആരാധകർക്ക് ആകാംക്ഷ വർധിപ്പിച്ച് മറ്റൊരു പോസ്റ്റുമായി വീണ്ടും രംഗത്ത്. ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരു 'സർപ്രൈസ്' വരാനുണ്ടെന്നു സൂചിപ്പിച്ച് യുവിയുടെ രംഗപ്രവേശം. ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിനെക്കുറിച്ച് സൂചനകൾ നൽകുന്ന ഒരു ലഘു വിഡിയോയും യുവരാജ് പങ്കുവച്ചിട്ടുണ്ട്.

ഈ വിഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും യുവി ചേർത്തിട്ടുണ്ട്. ഇതാണ് ആ സമയമെന്ന് കുറിച്ച യുവി, എല്ലാവർക്കുമായി വലിയൊരു സർപ്രൈസും കാത്തുവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ സർപ്രൈസിനായി കാത്തിരിക്കാനും യുവരാജ് ആവശ്യപ്പെടുന്നു.

2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. അന്നും ഒരു വിഡിയോ സഹിതമുള്ള പോസ്റ്റിലാണ് തിരിച്ചുവരവിനെക്കുറിച്ച് മുപ്പത്തൊൻപതുകാരനായ താരം സൂചിപ്പിച്ചത്.

'നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെയാണ് ആ നിമിഷത്തിനായി കാത്തിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകൾക്കും നന്ദി. എന്നെ സംബന്ധിച്ച് അതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. തുടർന്നും ഇന്ത്യയെ പിന്തുണയ്ക്കുക. അത് നമ്മുടെ സ്വന്തം ടീമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർഥ ആരാധകർ' യുവരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കൊപ്പം കുറിച്ചു

2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ നിർണായകമായത് യുവരാജ് സിങ്ങിന്റെ ഓൾറൗണ്ട് പ്രകടനമായിരുന്നു. അന്ന് ടൂർണമെന്റിലാകെ 90.50 ശരാശരിയിൽ 362 റൺസ് അടിച്ചുകൂട്ടിയ യുവരാജ്, 15 വിക്കറ്റും സ്വന്തമാക്കിയാണ് ടീമിനെ തോളേറ്റിയത്. ലോകകപ്പിൽ മിന്നിത്തിളങ്ങിയതിനു തൊട്ടുപിന്നാലെയാണ് യുവരാജ് സിങ്ങിനെ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. പിന്നീട് നീണ്ട ചികിത്സയ്ക്കുശേഷം താരം വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തി.

2019ലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഇരിക്കെയായിരുന്നു യുവിയുടെ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വന്റി20, ടി10 ലീഗുകളിൽ യുവി സജീവമായിരുന്നു. ജിട്വന്റി20 ലീഗിൽ ടൊറന്റോ നാഷനൽസിനായി കളിച്ചിട്ടുണ്ട്. അബുദാബി ടി10 ടൂർണമെന്റിൽ മറാത്ത അറേബ്യൻസിനായി കളിച്ചു. 2021 മാർച്ചിൽ റോഡ് സേഫ്റ്റി സീരിസിലാണ് ഏറ്റവും ഒടുവിൽ യുവരാജിനെ കളത്തിൽ കണ്ടത്.