ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയ ജാതീയ പരാമർശത്തിന്റെ പേരിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ.ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിൽ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഹാൻസി പൊലീസ് അറസ്റ്റു ചെയ്ത യുവരാജിനെ പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ഇന്ത്യൻ പീനൽ കോഡിലെ എസ്സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാൻസി എസ്‌പി നിതിക ഗേലോട്ട് വ്യക്തമാക്കി. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്‌പി അറിയിച്ചു. യുവരാജിന്റെ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. നിർദ്ദോഷമായി പറഞ്ഞ തമാശയാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്കാണ് ദലിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും കുപിതരാക്കിയത്.

ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ്  (#युवराज_सिंह_माफी_मांगो) സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നായിരുന്നു വിമർശനം.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതിനു പിന്നാലെ ടിക്ടോക്കിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്‌വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്.

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്. സംസാരത്തിന്റെ ഒഴുക്കിൽ യുവരാജുപോലും അറിയാതെയാണ് വിവാദ പരാമർശം ഉണ്ടായതെങ്കിലും ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.