മുംബൈ: ഒരുപതിറ്റാണ്ടിലേറെയായി ദീപിന്ദർ ഗോയലിന്റെ സൊമാറ്റോ ലിമിറ്റഡ് ഇന്ത്യയിലുടനീളം ദോശ മുതൽ ബിരിയാണി വരെ വിളമ്പാൻ തുടങ്ങിയിട്ട്. വെള്ളിയാഴ്ച നിക്ഷേപകർക്കാണ് സൊമാറ്റോ രുചി വിളമ്പിയത്. വളരെ വേഗം വളരുന്ന ഫുഡ് ഡെലിവറി ഗ്രൂപ്പ് പൊതുവിപണിയിൽ അരങ്ങേറി. അരങ്ങേറ്റ നാളിൽ കോടീശ്വരന്മാരായത് 18ലേറെ പേരാണ്. സഹസ്ഥാപകരായ ദീപേഷ് ഗോയൽ, ഗുഞ്ജൻ പഡിദാർ, മോഹിത് ഗുപ്ത, ഗൗരവ് ഗുപ്ത, അക്രിതി ചോപ്ര ഉൾപ്പടെയുള്ളവരാണ് കോടികളുടെ മൂല്യമുള്ള ഓഹരി ഉടമകളായത്.

സ്റ്റാർട്ട് അപ് കമ്പനിയിലെ ഓഹരികൾ സ്വന്തമാക്കുന്ന നിക്ഷേപകരുടെ ആവേശം ഇന്നലെ ട്വിറ്ററിൽ കാണാമായിരുന്നു. ഫേസ്‌ബുക്കും ആലിബാബ ഗ്രൂപ്പും സൃഷ്ടിച്ചത് പാലെയുള്ള റിട്ടേണുകൾ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇനിഷ്യൽ പബ്ലിക് ഓഫറിങ് ആയിരുന്നു സൊമാറ്റോയുടേത്.

ഡോർ ഡാഷ് ഇൻക്, ചൈനയുടെ മെയ്ത്വാൻ തുടങ്ങിയ ശക്തമായ ഫുഡ് ഡെലിവറി സംരംഭങ്ങൾക്ക് പിന്നാലെയാണ് സൊമാറ്റോയുടെ ലിസ്റ്റിങ് വരുന്നത്. ഗോയലിന് ഇത് 13 വർഷത്തെ യാത്രയുടെ ഫലപ്രാപ്തി കൂടിയാണ്. 2008 ലാണ് പങ്കജ് ചദ്ദയ്്‌ക്കൊപ്പം സൊമാറ്റോ ഡെലിവറി സർവീസായി തുടങ്ങിയത്.

ചീഫ് എക്സിക്യുട്ടീവായ ദീപേന്ദർ ഗോയലിന് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ്(ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥവാകാശ പദ്ധതി) പ്രകാരം ലഭിച്ച ഓഹരികളുടെ മൂല്യം വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കനുസരിച്ച് 4,650 കോടിയായി. ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പടിഡാറിന്റെ ഓഹരികളുടെ മൂല്യം 363 കോടി രൂപയാണ്. ബിസിനസ് ഹെഡ് മോഹിത് ഗുപ്തയ്ക്ക് ലഭിച്ച ഓഹരികളുടെ മൂല്യം 195 കോടി രൂപയുമായി വർധിച്ചു. വിതരണമേഖലയുടെ ചുമതലവഹിക്കുന്ന ഗൗരവ് ഗുപ്തയുടെ ഓഹരി മൂല്യമാകട്ടെ 179 കോടി രൂപയും. അടുത്തയിടെ സഹസ്ഥാപക പദവിയിലെത്തിയ അക്രിതി ചോപ്രക്ക് ലഭിച്ച ഓഹരികളുടെ മൂല്യമാകട്ടെ 149 കോടിയായും ഉയർന്നു. സൊമാറ്റൊയെ ഓഹരി വിപണിയിലേക്ക് നയിച്ച
ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷാന്ത് ഗോയലിന്റെ ഓഹരി മൂല്യം 114 കോടിയാണ്.

ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥാവകാശപ്രകാരം ഓഹരി ലഭിച്ച മറ്റുള്ളവർ:

അങ്കിത് കത്ര-105 കോടി
രാഹുൽ ഗഞ്ജു-71കോടി
ചൈതന്യ മാത്തൂർ-67 കോടി
ഡാമിനി സ്വാഹ്നെ-43 കോടി
മഞ്ജുനാഥ് രാമകൃഷ്ണൻ 30 കോടി
അജിത് പാസി-26 കോടി
കുനാൽ സ്വരൂപ്-22 കോടി
പ്രശാന്ത് മാലിക്-20 കോടി
അലൻകൃത് നിഷാദ്-17 കോടി
ഡാമിനി ഭല്ല-10 കോടി
സിദ്ധാർഥ് ജാവർ-9കോടി

ഐപിഒ വിലയായ 76 രൂപയിൽനിന്ന് 50ശതമാനം പ്രീമിയത്തിൽ 125.85 രൂപയിലാണ് വെള്ളിയാഴ്ച സൊമാറ്റൊയുടെ ഓഹരി ക്ലോസ് ചെയതത്. ലിസ്റ്റ് ചെയ്ത നിലവാരമായ 115 രൂപയേക്കാൾ 9 ശതമാനം ഉയരത്തിലായിരുന്നു ക്ലോസിങ്.

90 കളുടെ അവസാനവും 2000 ത്തിന്റെ ആദ്യവും ഐടി കമ്പനികൾ ലിസറ്റ് ചെയ്തപ്പോൾ സംഭവിച്ചത് പോലെ നിർണായകമായ ചുവട് വയ്പാണ് സ്റ്റാർട്ട് അപ്പുകളുടേതെന്ന് വിദഗ്ദ്ധർ പറയുന്നു. അന്ന് ആ ചുവട് വയ്പ് തൊഴിലുകളും സമ്പത്തും സൃഷ്ടിച്ചുവെന്ന് കരിയർനെറ്റ് ആൻഡ് ലോങ്ഹൗസിന്റെ സിഇഒ അൻഷുമാൻ ദാസ് അഭിപ്രായപ്പെട്ടു. ഇതൊരു പുതിയ യാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.