മുംബൈ: ഓഹരി വിപണിയിലേക്ക് ചുവടുവെച്ച ഓൺലൈൻ ഭക്ഷണ വിതരണ സൃംഖലയിലെ പ്രമുഖരായ സൊമാറ്റോയ്ക്ക് വൻ കുതിപ്പ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവയിൽ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഓഹരി വിപണിയിൽ 76 രൂപയിൽ തുടങ്ങിൽ വിൽപ്പനയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഇപ്പോൾ വിപണിയിൽ 138 രൂപയിലാണ് വിൽപ്പന നടക്കുന്നത്. സൊമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷത്തിന് മുകളിലേക്കാണ് കടന്നിരിക്കുന്നത്. 53 ശതമാനത്തിന്റെ നേട്ടമാണ് സൊമാറ്റോ ഉണ്ടാക്കിയത്.

116 രൂപക്കാണ് എൻ.എസ്.ഇയിൽ സൊമാറ്റോയുടെ വ്യാപാരം തുടങ്ങിയത്. ഇത് 138ൽ എത്തിയിട്ടുണ്ട്. 52.63 ശതമാനമാണ് കമ്പനി ഓഹരിക്കുണ്ടായ നേട്ടം. ബോംബെ സൂചികയിൽ 51.32 ശതമാനം നേട്ടത്തോടെ 115 രൂപക്കാണ് സൊമാറ്റോ വ്യാപാരം തുടങ്ങിയത്. വ്യാപാര തുടങ്ങിയ ഉടൻ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു. 1,08,067.35 കോടി രൂപയാണ് സൊമാറ്റോയുടെ വിപണിമൂല്യം. 9,375 കോടി രൂപയുടെ ഓഹരികളാണ് സൊമാറ്റോ വിൽപനക്ക് വെച്ചത്. മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ഉണ്ടായത്.

ഭക്ഷ്യവിതരണ കമ്പനികളിലെ ആദ്യത്തെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങാണ് സൊമാറ്റോയുടേത്. 2010ലാണ് സൊമാറ്റോ പ്രവർത്തനം ആരംഭിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് കമ്പനിയുടെ ബിസിനസ് വലിയ രീതിയിൽ വർധിച്ചിരുന്നു. രാജ്യത്തെ ഒന്നാം നമ്പർ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. 9,000 കോടി രൂപയുടെ പുതിയ ലക്കമായും ഷെയർ ഹോൾഡർമാരായ ഇൻഫോ എഡ്ജിന്റെ 375 കോടി രൂപ വില വരുന്ന ഓഫർ ഫോർ സെയ്ൽ (ഛഎട) ഓഹരികളായുമാണ് വിൽപ്പന നടന്നത്. നിക്ഷേപകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഐപിഒ ആണിത്. കാരണം ഒരു ജിഗ് ഇക്കോണമിയിലേക്ക് വളർന്ന് വരുന്ന രാജ്യത്തെ ഏറ്റവും സാധ്യതകളുള്ള കമ്പനികളിലൊന്നാണ് സൊമാറ്റോ.

ഇന്ത്യയിലെ ഗുഡ്ഗാവിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. പഞ്ചാബ് സ്വദേശിയായ ദീപീന്ദർ ഗോയൽ എന്ന വ്യക്തിയുടെ തലയിലുദിച്ച ആശയമാണിത്. 2008 തന്റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്റെ തുടർച്ചയായിരുന്നു സൊമാറ്റോയുടെ പിറവി. നഗരത്തിലെ പ്രധാന റെസ്റ്റോറന്റുകളിലെ മെനു പരിചയപ്പെടുത്തുകയാണ് ഫുഡ്ഡീബേ ചെയ്തതെങ്കിൽ ആ റെസ്റ്റോറന്റുകളിലെ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് സൊമാറ്റോ ചെയ്തത്.

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾ വിപണിയിൽ പിടിമുറുക്കി തുടങ്ങുന്ന കാലത്തുള്ള സൊമാറ്റോയുടെ രംഗപ്രവേശം ഏറെ ഗുണം ചെയ്തു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിശപ്പകറ്റാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം എന്ന നിലയിൽ ജനങ്ങൾ സൊമാറ്റോയെ സ്വീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. 14 ലക്ഷം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം നടത്തുന്നു.

2017 കാലഘട്ടത്തിൽ ഡൽഹി ഐഐടിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ദീപീന്ദർ ഗോയൽ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡേറ്റാ അനലിസ്റ്റായി തൊഴിലെടുത്തു വരികയായിരുന്നു. ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞു ഒരു കാപ്പികുടിക്കുന്നതിനായി ഇറങ്ങിയ ഗോയൽ, സ്ഥിരം പോകുന്ന റെസ്റ്റോറന്റിൽ ചെന്നപ്പോൾ അവിടെ വലിയ തിരക്ക്. നിന്നിട്ട് പോലും കാപ്പി കുടിക്കുന്നതിനുള്ള അവസരമില്ല. എന്നാൽ വിശപ്പും ദാഹവും സഹിക്കാൻ കഴിയാത്ത ദീപീന്ദർ ഏറെ നേരം വരിയിൽ നിന്ന് ഒരു കപ്പ് കാപ്പി സ്വന്തമാക്കി. കാപ്പി കുടിയൊക്കെ കഴിഞ്ഞു സ്വസ്ഥമായിരുന്ന് ചിന്തിച്ചപ്പോൾ റെസ്റ്റോറന്റുകളിലെ ഇത്തരം തിരക്ക് ഒഴിവാക്കുന്നതിനായി ഒരു ആശയമുദിച്ചു.

ഡൽഹിയിൽ തിരക്കില്ലാതെ സ്വസ്ഥമായിരുന്ന് കാപ്പിയും മറ്റു വിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ റസ്റ്ററന്റുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. ശേഷം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരിടത്ത് അത് പ്രസിദ്ധീകരിക്കണം. ഈ ചിന്ത ദീപീന്ദർ തന്റെ സുഹൃത്തിനോട് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. പിന്നെ ഒട്ടും വൈകിച്ചില്ല, ഭക്ഷണപ്രേമികൾക്ക് ഒരു സഹായി എന്നോണം ഫുഡ്ഡീബേ (ളീീറശലയമ്യ.രീാ) എന്ന പേരിൽ ഒരു വെബ്‌സൈറ്റ് തയ്യാറാക്കി. 2008 ൽ ആയിരുന്നു സംരംഭത്തിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഡൽഹിയിലെ 1200 ഹോട്ടലുകളിലെ മെനുവാണ് പരിചയപ്പെടുത്തിയത്.

നഗരത്തിലെ എല്ലാ ഹോട്ടലുകളിലെയും ഭക്ഷണങ്ങളും അവയുടെ വിലവിവരവുമെല്ലാം അടയാളപ്പെടുത്തിയ ഫുഡ്ഡീബേ വളരെ വേഗത്തിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു. അതോടെ സംരംഭകൻ എന്ന നിലയിൽ തനിക്ക് ശോഭിക്കാനാകുമെന്ന് ദീപീന്ദറിന് മനസ്സിലായി. പിന്നീടുള്ള സ്ഥാപനത്തിന്റെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവങ്ങളെ അടുത്തറിയുന്ന രീതി ഏറെശ്രദ്ധേയമായി. ഫുഡ്ഡീബേ വഴി ഉപഭോക്താക്കൾ റെസ്റ്റോറന്റ് തെരെഞ്ഞെടുക്കുകയാണെങ്കിൽ അതിൽ നിന്നും ഒരു നിശ്ചിത വരുമാനം ദീപീന്ദറിനും സുഹൃത്തിനും ലഭിക്കുമായിരുന്നു. എന്നാൽ അതികം വൈകാതെ, തന്റെ സംരംഭത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്കാകും എന്ന് മനസ്സിലാക്കിയ ദീപീന്ദർ തൊഴിൽ രാജിവച്ചു സുഹൃത്തായ പങ്കജ് ഛദ്ദയെയും പങ്കാളിയാക്കി സംരംഭം വിപുലപ്പെടുത്താനിറങ്ങിത്തിരിച്ചു.

തുടർന്ന് 2010ൽ കമ്പനിയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി. കമ്പനി വിപുലീകരിക്കാനും ഡൽഹിക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങൾക്ക് സൊമാറ്റോയുടെ സേവനം വ്യാപിപ്പിക്കാനുമായിരുന്നു ലക്ഷ്യം. ഈ ചെറുപ്പക്കാരുടെ നൂതനാശയത്തിൽ ആകൃഷ്ടനായ നൗക്കരി ഡോട്ട്‌കോം സ്ഥാപകൻ സഞ്ജീവ് ഒരു മില്യൺ അമേരിക്കൻ ഡോളർ കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചെത്തിയതോടെ സ്ഥാപനത്തിന്റെ മുഖം തന്നെമാറി. അടിസ്ഥാന മൂലധന നിക്ഷേപമായി ഇത്രയും വലിയ ഒരു തുക ലഭിച്ചതോടെ ദീപീന്ദർ കമ്പനിയുടെ വികസന പദ്ധതികൾ കൂടുതൽ വേഗത്തിലാക്കി..

2011ൽ സൊമാറ്റോയുടെ സേവനം ബംഗളൂരു, പുണെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉത്തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ വിപണി സാധ്യതകളും വർധിച്ചു. സൊമാറ്റോയുടെ ജൈത്ര യാത്ര ആരംഭിക്കുന്നത് 2011 ൽ മൊബീൽ ആപ്പ് വികസിപ്പിക്കുന്നതിലൂടെയാണ്. ഇതിലൂടെ കൂടുതൽ വിശാലമായ വിപണി കണ്ടെത്താൻ സ്ഥാപനത്തിന് കഴിഞ്ഞു. കൂടുതൽ റസ്റ്റോറന്റുകൾ ലിസ്റ്റ് ചെയ്യപ്പെടുകയും ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും ചെയ്തു.

1993 ൽ ഐടി സെക്റ്ററിലെ ഒരു ഇന്ത്യൻ കമ്പനിയായി ഇൻഫോസിസ് ഐപിഓയ്ക്ക് ഇറങ്ങുമ്പോൾ തികച്ചും അപരിചിതവും എന്നാൽ നിക്ഷേപകരെ ഞെട്ടിച്ച്‌കൊണ്ട് മികച്ച നേട്ടവും കൊയ്തിരുന്നു. സമാനമായ വിധത്തിലാണ് സൊമാറ്റോയും ഓഹരി വിപണിയിൽ കുതിക്കുന്നത്. സൊമാറ്റോ വിപണി അരങ്ങേറ്റവും ഏറെക്കുറെ സാമ്യമുള്ളതാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇപ്പോൾ വലിയ ലാഭത്തിലല്ല കമ്പനി എങ്കിൽ പോലും സോമാറ്റോ പോലുള്ള യൂണികോണുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ, വ്യവസായത്തിന്റെ ദീർഘകാല വളർച്ചാ സാധ്യത, ശക്തമായ ബ്രാൻഡ് ഇമേജ്, ആദ്യകാല മൂവബ്ൾ അഡ്വാന്റേജ്, ശക്തമായ നെറ്റ്‌വർക്ക് എന്നിവ വളർച്ചാ സാധ്യതയായി വിലയിരുത്താമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.