ചെന്നൈ: കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് തമിഴ് ചലച്ചിത്ര താരം വിവേകിന് ഹൃദയാഘാതം വന്നതെന്ന റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ. വടപളനി എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് താരത്തിന്റെ ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.

വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നു. അദ്ദേഹത്തിന്റെ ഇടതുകൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്‌ളോക്കുണ്ടായിരുന്നു. ഈ രോഗാവസ്ഥ ഏതാനും ദിവസങ്ങൾക്കകം ഉണ്ടായതല്ലെന്നും ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹം വീട്ടിൽ കുഴഞ്ഞുവീണത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഭാര്യയും ബന്ധുക്കളും 11 മണിയോടെ ആശുപത്രിയിലെത്തിച്ചു.വെൻട്രികുലർ ഫിബുലേഷൻ എന്ന അവസ്ഥയിലായിരുന്നു നടൻ അപ്പോൾ.

ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പരിശോധിക്കുമ്പോൾ ശരീരത്തിൽ രക്തയോട്ടം കുറഞ്ഞ് അപകടാവസ്ഥയിലായിരുന്നു അദ്ദേഹം. ബ്‌ളോക്ക് നീക്കിയതോടെ ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. എന്നാൽ ഇന്ന് പുലർച്ചയോടെ ആരോഗ്യം മോശമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരാഴ്ച മുൻപാണ് വിവേക് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് രോഗമുണ്ടായിരുന്നില്ല.

പ്രോട്ടോകോൾ അനുസരിച്ച് ഹൃദയ സംബന്ധമായതോ, കിഡ്‌നി, കാൻസർ രോഗമുള്ളവരോ വാക്സിനേഷൻ നിർബന്ധമായും നടത്തണമെന്നാണ്. തുടർന്ന് സർക്കാർ ആശുപത്രിയിൽ നിന്നായിരുന്നു അദ്ദേഹം കോവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷനെ സംബന്ധിച്ചുള്ള എല്ലാ കിംവദന്തികൾ അവസാനിക്കാനും വാക്സിൻ സ്വീകരിക്കുന്നതിൽ അപകടമില്ലെന്നും കാണിക്കാനായിരുന്നു താൻ വാക്സിൻ സ്വീകരിച്ചതെന്ന് അദ്ദേഹം അന്ന് അറിയിച്ചിരുന്നു.