ചെന്നൈ: പാക്കിസ്ഥാനിൽ നിന്നും വിവിധ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ ഇന്ത്യൻ തീരസംരക്ഷണ സേന പിടികൂടി. ശ്രീലങ്കൻ ബോട്ടിൽ നിന്നാണ് 100 കിലോ മയക്കുമരുന്നും ആയുധങ്ങളും സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തത്. തൂത്തുക്കുടിയിൽ വച്ചാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കൻ സ്വദേശികളായ ആറു ബോട്ടു ജീവനക്കാരെ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.

ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടാണ് പിടികൂടിയത്. അറസ്റ്റിലായ ബോട്ടു ജീവനക്കാരെ കോസ്റ്റ്ഗാർഡ് ചോദ്യം ചെയ്തു വരികയാണ്. കടലിൽ വെച്ച് പാക്കിസ്ഥാൻ ബോട്ടുകാർ കൈമാറിയതാണ് ഇതെന്നാണ് പിടിയിലായവർ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും കടത്താൻ നൽകിയതായിരുന്നു ഇവയെന്നാണ് സൂചന. 99 പായ്ക്കറ്റ് ഹെറോയിൻ, 20 ചെറിയ ബോക്‌സുകളിലായി മയക്കുമരുന്നുകൾ, അഞ്ച് പിസ്റ്റളുകൾ, സാറ്റലൈറ്റ് ഫോൺ തുടങ്ങിയവ പിടികൂടിയതായി കോസ്റ്റ് ഗോർഡ് അറിയിച്ചു.

ഒഴിഞ്ഞ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ജിഹാദ് മാത്രമല്ല, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പാക്കിസ്ഥാൻ മയക്കുമരുന്നും ഉപയോഗിക്കുന്നതായി ഓപ്പറേഷനിൽ പങ്കെടുത്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒമ്പതു ദിവസം നീണ്ട ഓപ്പറേഷന് ഒടുവിലാണ് ബോട്ട് പിടികൂടിയത്.