ഇക്വഡോർ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 118 തടവുകാർ മരിച്ചു. ഇക്വഡോർ തുറമുഖ നഗരമായ ഗ്വയാക്വിലിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിലാണ് തടവുകാർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ജയിലിൽ സംഘർഷം ആരംഭിച്ചത്.

ചൊവ്വാഴ്ചയാണ് ഗ്വായാസ് ജയിലിൽ സംഘർഷം തുടങ്ങുന്നത്. ജയിലിലെ ഒരു വിഭാഗത്തിൽ നിന്നുള്ള ഒരു സംഘം തടവുകാർ ജയിലിനുള്ളിലെ മറ്റൊരു വിഭാഗത്തിലേക്ക് ചുമരിലൂടെ ഒരു ദ്വാരമുണ്ടാക്കി കടക്കുകയും അവിടെയുണ്ടായിരുന്ന എതിരാളി സംഘാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഉടനെ തന്നെ പൊലീസുകാർ സംഘർഷം നടന്ന സ്ഥലത്തേക്ക് എത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തലത്തിലേക്ക് സംഭവം വികസിക്കുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട ആറ് പാചകക്കാരെ രക്ഷപ്പെടുത്തി പൊലീസ് പിൻവാങ്ങി. ഇതിനിടയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

പിന്നീട് പൊലീസ് കൂടുതൽ സേനാംഗങ്ങളുമായി ജയിലിനുള്ളിൽ പ്രവേശിച്ച് ജയിലിന്റെ ഓരോ ഭാഗങ്ങളായി തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 24 മൃതദേഹങ്ങളായിരുന്നു ആദ്യം കണ്ടെത്തിയത്. ഇന്നലെയോടെ മരണസംഖ്യ 118 ആയി.

എല്ലാ മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ദിവസങ്ങൾ തന്നെ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ആശങ്കകൾക്ക് പൊലീസ് മറുപടി പറയണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെങ്കിലും നൂറിലധികം തടവുകാർ കൊല്ലപ്പെട്ടു എന്നത് വ്യക്തമാക്കുന്നത് സംഘർഷത്തിലുപരി ഇതൊരു യുദ്ധമായിരുന്നു എന്നാണ്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചുകൊണ്ടായിരുന്നു തടവുകാർ പരസ്പരം ഏറ്റുമുട്ടിയത്. ജയിലിൽ ഇവർക്ക് എങ്ങനെ ആയുധങ്ങൾ ലഭ്യമായെന്ന് വ്യക്തമല്ല.