ന്യൂഡൽഹി: കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ കള്ളപ്പണം. ഇയാളുടെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതുവരെ എണ്ണിത്തീർത്തത് 150 കോടിയെന്നാണ് വിവരം. എന്നാൽ കണ്ടെടുത്ത പണത്തിൽ ഇനിയും ഒരുപാട് എണ്ണിത്തീർക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടെണ്ണൽ യന്ത്രവും ചിത്രങ്ങളിൽ കാണാം. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയിൽ റെയ്ഡ് തുടരുകയാണ്.

നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. എന്നാൽ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജി.എസ്.ടി ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിൽ പങ്കാളികളാകുകയായിരുന്നു. ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ഇൻവോയിസ് ഉണ്ടാക്കി ഇടപാടുകൾ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 200 ഇൻവോയിസുകളിലായിട്ടാണ് ഇടപാടുകൾ രേഖപ്പെടുത്തിയത്. 50,000ത്തോളം രൂപയാണ് ഓരോ ഇൻവോയിസിലും രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന തുടരുകയാണ്. ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോർട്ടുകൾ. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്‌പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി യതൊരു ബന്ധവുമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.

സമാജ് വാദി പാർട്ടിയുടെ പേരിൽ 'സമാജ്വാദി അത്തർ' കഴിഞ്ഞ നവംബറിൽ പിയുഷ് ജെയിൻ പുറത്തിറക്കിയിരുന്നു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി അടക്കമുള്ള പാർട്ടികൾ സമാജ്വാദിയ്‌ക്കെതിരെ ശക്തമായൊരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് റെയ്ഡ്. 'മുദ്രാവാക്യം സോഷ്യലിസ്റ്റിന്റേത്, എന്നാൽ പൊതു പണം ഞങ്ങൾക്ക്' എന്ന പരിഹാസ ട്വീറ്റുമായി ബിജെപി വക്താവ് സംബിത് പാത്ര രംഗത്തെത്തിയിട്ടുണ്ട്.