വാഷിങ്ടൺ: അമേരിക്കയിൽ കറുത്തവർഗക്കാരന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം കത്തുന്നു. പ്രതിഷേധക്കാർക്കുനേരെ ഉണ്ടായ പൊലീസ് വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് നഗരമായ വിസ്‌കൊൺസിനിലെ കെനോഷയിലാണ് സംഭവം.

ഞായറാഴ്ച ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനു നേരെയുണ്ടായ പൊലീസ് വെടിവയ്പിന് എതിരെയാണ് പ്രതിഷേധം കത്തുന്നത്. കാറിൽ ചാരിയിരിക്കുമ്പോൾ നിരവധി തവണയാണ് ബ്ലേയ്ക്കിന് വെടിയേറ്റത്. അദ്ദേഹത്തിന് വീണ്ടും നടക്കാൻ അദ്ഭുതം സംഭവിക്കേണ്ടിവരുമെന്ന് അഭിഭാഷകർ പറഞ്ഞു. വെടിവയ്‌പ്പിൽ പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസ് അതിക്രമത്തിനു പിന്നാലെ കെനോഷയിലും സമീപപ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചതായി വിസ്‌കൊൺസിൻ ഗവർണർ ടോണി എവേർസ് പറഞ്ഞു. തെരുവുകളിൽ കെട്ടിടങ്ങൾ പലതും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി.മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇ തിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്‌പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം.

ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്‌സ് ലൈവ്‌സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞിട്ടുണ്ട്. വിസ്‌കൊൺസിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു.

എന്നാൽ, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാൻ തുടങ്ങി. ഇതോടെ പൊലീസ് പുറകിൽനിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ബ്ലേയ്ക്കിന്റെ മൂന്ന് മക്കളും കാറിൽ ഇരിക്കുമ്പോഴായിരുന്നു പൊലീസിന്റെ വെടിവയ്‌പ്പെന്ന് ബ്ലേയ്ക്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി.