ന്യൂഡൽഹി: കഴിഞ്ഞ ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ ജലാലാബാദ് ജയിൽ ആക്രമണത്തിൽ പങ്കെടുത്ത പതിനൊന്ന് ഐസിസ് ഭീകരരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ ഭീകരരുടെ കൂട്ടത്തിലെ മൂന്ന് പേരും മലയാളികൾ തന്നെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓൺലൈൻ മാധ്യമമായ ദി പ്രിന്റാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

29 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ മലയാളിയായ കാസർകോട് പടന്ന സ്വദേശി കല്ലുകെട്ടിയ പുരയിൽ ഇജാസ് (36) ഉൾപ്പെട്ടിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മലയാളിയെയും തിരിച്ചറിഞ്ഞു. ഇജാസിന്റെ സുഹൃത്തായ ബെക്‌സൺ എന്നയാളാണ് അഫ്ഗാനിൽ എത്തിയ രണ്ടാമത്തെ മലയാളിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബെക്‌സണും കുടുംബത്തിലെ അംഗങ്ങളെയും കൂട്ടിയാണ് ഐസിസിൽ ചേരാൻ പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെയാണ് മൂന്നാമനും മലയാളി ആണെന്ന് വിവരം പുറത്തുവന്നത്.

ഇപ്പോൾ പുറത്ത് വന്ന ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നുമാണ് മൂന്നാമനെയും തിരിച്ചറിയാൻ കഴിഞ്ഞതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കണ്ണൂർ സ്വദേശിയാണ് മൂന്നാമെന്നാണ് റിപ്പോർട്ട്. സജാദ് എന്നാണ് ഇയാളുടെ പേര്. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും സജാദിനെ നാട്ടിലുള്ളവർ തിരിച്ചറിഞ്ഞുവെന്നും ദി പ്രിന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2018ലാണ് ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഐസിസിൽ ചേർന്നത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ഇയാൾ രാജ്യം വിട്ടത്. മൈസൂരുവിലേക്ക് എന്ന് പറഞ്ഞ് നാട്ടിൽ നിന്നും പോയ ഇയാൾ മടങ്ങിവരാത്തതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

അഫ്ഗാനിസ്ഥാനിൽ ആക്രമണം ഉണ്ടായതിന് പിന്നാലെ ഐസിസിനെ അനുകൂലിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പേജുകളിൽ ആക്രമണകാരികളുടെ ഗ്രൂപ്പ് ഫോട്ടോ വന്നിരുന്നു. ഇതിൽ പതിനൊന്ന് പേരുടെ ചിത്രങ്ങളാണുള്ളത്. ഗ്രൂപ്പ് ഫോട്ടോയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൂന്നാമത്തെ മലയാളിയുടെ വിവരങ്ങൾ പുറത്ത് വരാൻ സഹായമായത്. താലിബാൻ, ഐസിസ് ഭീകരരെ പാർപ്പിച്ചിരുന്ന ജയിലിന് മുന്നിൽ കാർ ബോംബ് സ്ഫോടനം നടത്തിയശേഷം ഐസിസ് ഭീകരർ സുരക്ഷാ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉദ്ദേശ്യം ഇരുപത് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിനൊടുവിലാണ് സൈനികർക്ക് ഭീകരരെ തുരത്താനായത്.

എട്ടോളം ഭീകരരെ വധിച്ച സൈന്യം ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ആയിരത്തിലധികം തടവുകാരെയും പിടികൂടിയിരുന്നു.കേരളത്തിൽ നിന്നുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ രാജ്യം വിടുന്നവരെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് കൂടുതൽ മലയാളികളുടെ വിവരം ലഭിച്ചത്. കാസർകോട് സ്വദേശിയായ ഇജാസ് 2016ലാണ് ഐസിസിൽ ചേരാനായി കുടുംബത്തിനൊപ്പം പുറപ്പെട്ടത്. മസ്‌ക്കറ്റ് വഴി അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്കാണ് ഇയാൾ എത്തിയത്.